ചലച്ചിത്രതാരം ബാലയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി
1485542
Monday, December 9, 2024 5:09 AM IST
വൈക്കം: തെന്നിന്ത്യൻ ചലച്ചിത്രതാരം ബാലയുടെ വൈക്കം നേരേകടവിലെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാക്കളും സുരക്ഷാ ജീവനക്കാരനുമായി വാക്കേറ്റം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നേരേകടവിൽ ഒരു വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കൾ ബാലയുടെ കാർ പോകുന്നതു കണ്ട് പിന്നാലെ വീട്ടിലേക്കു വരികയായിരുന്നു.
വീടിനു മുന്നിലെത്തിയ യുവാക്കൾ ബാലയ്ക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാത്രിയായതിനാൽ സുരക്ഷാ ജീവനക്കാരൻ ബാലയെ വിളിക്കാൻ വിസമ്മതിച്ചതാണ് യുവാക്കളെ പ്രകോപിതരാക്കിയത്. ബഹളം കേട്ട് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിയതോടെ യുവാക്കൾ കടന്നുകളഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബാല വൈക്കം പോലീസിൽ പരാതി നൽകി. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ തിരിച്ചറിഞ്ഞെന്നും ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.