മാര്‍ കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം : മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയ്ക്ക് ഇതു ധന്യവേള
1485431
Sunday, December 8, 2024 7:17 AM IST
മാമ്മൂട്: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങ് അവിസ്മരണീയമാക്കി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകസമൂഹം. തങ്ങളുടെ ഇടവകാംഗം മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാളായി ഉയര്‍ത്തുന്ന വത്തിക്കാനിലെ ശുശ്രൂഷകള്‍ പള്ളിക്കുള്ളില്‍ സ്ഥാപിച്ച എല്‍ഇഡി വോളിലൂടെ ലൈവായി കണ്ടാണ് ഇടവക സമൂഹം ആനന്ദനിര്വൃതിയിലായത്.
ഇടവകാംഗങ്ങള്‍ക്ക് ഇത് ആഹ്ലാദത്തിന്റെ ധന്യനിമിഷമായി മാറി. വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ. ആന്റണി കിഴക്കേത്തലയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് മാട്ടേല്‍ എന്നിവര്‍ ചടങ്ങ് കാണാനെത്തിയവരെ മധുരം നല്കി സ്വീകരിച്ചു.
മാര്‍ കൂവക്കാട്ടിന്റെ സഹോദരി ലിറ്റി, ഭര്‍ത്താവ് മാത്യു എന്നിവരും കുടുംബാംഗങ്ങളും ഇടവകാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. സഹോദരന് ലഭിച്ച കര്‍ദിനാള്‍ പദവി ദൈവാനുഗ്രഹവും അനുഗ്രഹധന്യവുമാണെന്ന് ലിറ്റിയും മാത്യുവും പറഞ്ഞു.
ജോബ് മൈക്കിള്‍ എംഎല്‍എയും ധന്യനിമിഷത്തില്‍ പങ്കാളിയായി. കൈക്കാരന് റോണി കണ്ണമ്പള്ളി, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി നിധീഷ് കോച്ചേരി, ജിജോ ചരിവുപറമ്പില്‍, സന്തോഷ് എത്തയ്ക്കാട്ട്, മേയ്മോന് മണമേല്‍, ലിജു കുരിശുംമൂട്ടില്‍, അജി മുളവന, ജൂഡി ഫ്ളവര്‍ എന്നിവര്‍ നേതൃത്വം നല്കി.
മാമ്മൂട് ഇടവകയ്ക്ക് അഭിമാനം
മാമ്മൂട് ലൂര്‍ദ് ഇടവകാംഗമായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത് അഭിമാനാര്‍ഹമാണ്. ഈ പദവി മാമ്മൂട് ഇടവകയ്ക്ക് ലഭിച്ച വലിയ ചരിത്രനിയോഗമാണ്. ഈ അപൂര്‍വ അനുഗ്രഹത്തിന് ദൈവത്തിന് ഒത്തിരി നന്ദി പറയുന്നു.
റവ.ഡോ. ജോണ്‍ വി. തടത്തില്‍
വികാരി, ലൂര്‍ദ്മാതാ പള്ളി