മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ 114-ാം ചരമവാര്‍ഷികം
1485430
Sunday, December 8, 2024 7:17 AM IST
കടുത്തുരുത്തി: പുണ്യശ്ലോകനായ മയിലപ്പറമ്പില്‍ കുര്യാക്കോസച്ചന്റെ അനുഗ്രഹം തേടി കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിലേക്കൊഴുകിയെത്തിയത് ആയിരങ്ങള്‍.
പുണ്യാത്മാവിന്റെ 114-ാം ചരമവാര്‍ഷികത്തില്‍ പള്ളിയില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും പുണ്യാത്മാവിന്റെ മാധ്യസ്ഥം തേടുന്നതിനുമാണ് വിശ്വാസികള്‍ പള്ളിയിലെത്തിയത്. പുണ്യശ്ലോകനായ കുര്യാക്കോസച്ചന്റെ കബറിടത്തുങ്കല്‍ പൂക്കളര്‍പ്പിച്ചും പ്രാര്‍ഥനകള്‍ നടത്തിയും ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മടങ്ങിയത്.
തിരുക്കര്‍മങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ കാര്‍മികത്വം വഹിച്ചു. ഫാ. ജോസഫ് ചീനോത്തുപ്പറമ്പില്‍, ഫാ. ഗര്‍വാസീസ് ആനിത്തോട്ടം, ഫാ. ഡെന്നീസ് അറുപതില്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് കബറിടത്തുങ്കല്‍ ഒപ്പീസും പ്രാര്‍ഥനകളും നടന്നു.
തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി നേര്‍ച്ചസദ്യയും ഒരുക്കിയിരുന്നു. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ നേര്‍ച്ച വെഞ്ചരിപ്പ് നടത്തി. ഫൊറോനാ വികാരിക്കൊപ്പം സഹവികാരി ഫാ. ടോം മാമലശേരി പരിപാടികള്‍ക്ക് നേതൃത്വം നല്കി.