ജില്ലാതല എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും
1485317
Sunday, December 8, 2024 5:23 AM IST
കാഞ്ഞിരപ്പള്ളി: എച്ച്ഐവി അണുബാധിതരോടുള്ള സഹാനുഭൂതി വർധിക്കുകയും ബഹിഷ്കരണം വലിയൊരു പരിധിവരെ അവസാനിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞത് നേട്ടമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അണുബാധിതർക്ക് തുല്യത ഉറപ്പുവരുത്താൻ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെങ്കിലും അവരുടെ ജീവിതം സുരക്ഷിതമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ ശക്തമായ ബോധവത്കരണവും ചികിത്സയിലുണ്ടായ മുന്നേറ്റവുമാണ് ഇതിന്റെ പ്രധാന കാരണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പാലാ ബ്ലഡ് ഫോറത്തിന്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബിന്റെയും എസ്ഡി കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും സഹകരണത്തോടെയാണ് ദിനാചരണവും ക്യാമ്പും നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ട്രിനിറ്റി എലീസ പ്രകാശ് മുഖ്യാതിഥിയായിരുന്നു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ എയ്ഡ്സ് ദിന പ്രതിജ്ഞയും പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എയ്ഡ്സ്ദിന സന്ദേശവും നൽകി. കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി,
പഞ്ചായത്തംഗം ഷാലിമ്മ ജെയിംസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, വിഹാൻ സിഎസ്സി കോ ഓർഡിനേറ്റർ ജിജി തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിനു എലിസബേത്ത് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാതല സെമിനാർ കോട്ടയം മെഡിക്കൽ കോളജ് എആർടി മെഡിക്കൽ ഓഫീസർ ഡോ.ജെ.എസ്. അഖില നയിച്ചു. രക്തദാന ക്യാമ്പിൽ അന്പതോളം പേർ രക്തം ദാനം ചെയ്തു.