എയ്ഡഡ് സ്കൂളുകളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: ജാഗ്രതാ സമിതി
1484429
Wednesday, December 4, 2024 7:18 AM IST
ചങ്ങനാശേരി: ഭിന്നശേഷി നിയമനം പൂര്‍ത്തിയാകാത്ത സ്കൂളുകളില്‍ 2021 മുതല്‍ സ്ഥിരനിയമനം ലഭിച്ച അധ്യാപകരെ ദിവസവേതനത്തിലേക്ക് തരംതാഴ്ത്തണമെന്നു നിര്‍ദേശിച്ചുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇത് കെഇആറിന് വിരുദ്ധവും മാനേജുമെന്റിന്റെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റവുമാണെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു.
ഭിന്നശേഷി സംവരണം എയ്ഡഡ് മാനേജുമെന്റുകള്‍ അംഗീകരിച്ചിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമാണ്. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ എംപ്ലോയ്മെന്റ് എക്സേഞ്ചുകൾക്കുപോലും യോഗ്യരായ ഭിന്നശേഷിക്കാരെ നല്കാന് സാധിക്കാത്തതുമൂലമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് മാനേജുമെന്റും അധ്യാപകരും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ത്തന്നെ 16000 ൽപ്പരം അധ്യാപകരാണ് ദിവസവേതനത്തിൽ സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. ഇത് സംസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സര്‍ക്കാര്‍ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.