വെള്ളപ്പൊക്കത്തിൽ കൃഷിക്ക് നാശം
1484414
Wednesday, December 4, 2024 6:50 AM IST
മറ്റക്കര: തുടർച്ചയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മറ്റക്കരയിൽ വൻ കൃഷിനാശം. മറ്റക്കര തടമുറിയിൽ ജോൺ നടത്തുന്ന റബർ നഴ്സറിക്ക് 10 ലക്ഷം രൂപയോളം നഷ്ടമായി. ജോണിന്റെ റബർ നഴ്സറിയിൽനിന്ന് 50,000ത്തിലേറെ കപ്പുതൈകളാണ് ഒഴുകിപ്പോയത്. ബാങ്കിൽനിന്നു ലോണെടുത്ത് തുടങ്ങിയ കൃഷി ഇതടക്കം പല പ്രാവശ്യമാണ് വെള്ളം കയറി നശിച്ചത്.
റബർ തൈകൾ കൂടാതെ 400 ചുവട് കപ്പയും, അന്പതിലേറെ വാഴകളും നശിച്ചു. ജപ്തി ഭീഷണി നിലവിലുണ്ടെന്നും കാശ് അടയ്ക്കാൻ ഒരു നിർവാഹവുമില്ലെന്നും ജോണിന്റെ മകൻ അജീഷ് തടമുറിയിൽ പറഞ്ഞു.
മറ്റക്കര മനക്കുന്നത്ത് മനു വാസുദേവൻ കൃഷി ചെയ്ത 1500 കാപ്പി ചെടികളിൽ 800 ലേറെ ചെടികൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കൂടാതെ നൂറോളം വാഴകളും നശിച്ചു. ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപയോളം നഷ്ടമായി.
വളം ഇട്ടിട്ട് രണ്ടാഴ്ചയോളമെ ആയുള്ളൂവെന്ന് മനു വാസുദേവൻ പറഞ്ഞു . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഇവരടക്കം പലരുടേയും കൃഷി നശിച്ചു. കൂടാതെ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തി വഴിയിലും മറ്റുമായി അടിഞ്ഞു കൂടിയിട്ടുണ്ട്. ഈ മാലിന്യങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.