കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ താളിയോലകളുടെ വൻശേഖരം
1484317
Wednesday, December 4, 2024 5:31 AM IST
ഏറ്റുമാനൂർ: ഒരു ദേശത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന താളിയോലകളുടെ വൻശേഖരം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ. വട്ടെഴുത്ത് ലിപിയിലുള്ള നാൽപതിനായിരത്തോളം പുരാതന താളിയോലകളാണ് ദേവീക്ഷേത്രത്തിലെ ശേഖരത്തിലുള്ളത്. 100 മുതൽ 400 വർഷംവരെ പഴക്കം കണക്കാക്കുന്നതാണ് ഇവ.
മാഞ്ഞൂർമുതൽ മറിയപ്പള്ളിവരെയുള്ള പ്രദേശം കുമാരനല്ലൂർ ദേശത്തിനു കീഴിലായിരുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രം ഒരു ഭരണകേന്ദ്രം എന്ന നിലയിലാണ് പ്രവർത്തിച്ചിരുന്നത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുമാരനല്ലൂർ ഭഗവതി വക വസ്തുക്കൾ എന്നായിരുന്നു കുമാരനല്ലൂർ ദേശത്തെ വസ്തു പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്.
ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിന്റെ മുകൾത്തട്ടിൽ സൂക്ഷിച്ചിരുന്ന താളിയോല ശേഖരം വർഷങ്ങൾക്കു മുമ്പ് ചരിത്രകാരനും സ്വാതിതിരുനാൾ മ്യൂസിയം ഡയറക്ടറുമായ എം.ജി. ശശിഭൂഷൺ കണ്ടിരുന്നു.
കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം നിയോഗിച്ച എപ്പിഗ്രഫിസ്റ്റും കോഴിക്കോട് സർവകലാശാല ക്യൂറേറ്ററുമായ ഡോ. എസ്. രാജേന്ദു ക്ഷേത്രത്തിലെത്തി താളിയോലകൾ പരിശോധിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇതുവരെ നൂറോളം താളിയോലകളുടെ പരിശോധനയേ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.
ക്ഷേത്രസംബന്ധമായ രേഖകൾ, റവന്യു രേഖകൾ, ഭരണപരമായതും അല്ലാത്തതുമായ കത്തിടപാടുകൾ തുടങ്ങിയവയാണ് പരിശോധിച്ച താളിയോലകളിൽ ഉള്ളത്. കോട്ടയം നഗരത്തിന്റേത് ഉൾപ്പെടെയുള്ള വിലപ്പെട്ട ചരിത്ര രേഖകൾ ശേഖരത്തിൽ ഉണ്ടാകാമെന്നാണ് കരുതുന്നത്.
ഷേവധി എന്ന പേരിൽ ഇന്തോളജിക്കൽ റിസർച്ച് സെന്ററും മ്യൂസിയവും സ്ഥാപിക്കാനുളള ശ്രമങ്ങൾ ഊരാണ്മാ ദേവസ്വം തുടങ്ങിക്കഴിഞ്ഞു. സി.റ്റി. ഹരി ചെമ്മങ്ങാട്ടാണ് ആദ്യ ഡയറക്ടർ. ദേവസ്വം മാനേജർ കെ.എ. മുരളി കാഞ്ഞിരക്കാട്ട് ഇല്ലം മാനേജരും. ഗാന്ധിജി ക്ഷേത്രം സന്ദർശിച്ചിട്ടുള്ളതു കൊണ്ട് ഗാന്ധി മ്യൂസിയവും ഇതോടൊപ്പം ഉണ്ടാകും.
നാഷണൽ മ്യൂസിയം ഡയറക്ടറായിരുന്ന വേലായുധൻ നായർ, എംജി സർവകാലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. രാജശേഖരൻ പിള്ള, ഹിൽപാലസ് സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് പ്രഫസറും ഡയറക്ടറുമായ ടി.പി. ശങ്കരൻകുട്ടി നായർ,
ഡൽഹി നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ഡോ. ബി. വേണുഗോപാൽ, ഹംബി എഎസ്ഐയിലെ ആർക്കിയോളജിക്കൽ സൂപ്രണ്ട് ഡോ. നിഖിൽ ദാസ് തുടങ്ങിയവരുടെ മേൽനോട്ടവും സഹകരണവും സംരംഭത്തിനുണ്ട്.