തോരാമഴ, വെള്ളക്കെട്ട്, ദുരിതം
1484131
Tuesday, December 3, 2024 7:30 AM IST
കോട്ടയം: ഞായറാഴ്ച രാവിലെ തുടങ്ങിയ പെരുമഴ ഇന്നലെ ഉച്ചവരെ കലിതുള്ളി പെയ്തു. ഉച്ചയ്ക്ക് അല്പം ശമിച്ച ശേഷം വൈകുന്നേരം വീണ്ടും ശക്തിപ്പെട്ടു. വെള്ളിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരും.
ഞായറാഴ്ച പകല്‍ പെയ്തിനെത്തുടര്ന്ന് വൈകുന്നേരത്തോടെ തോടുകള്‍ കരകവിഞ്ഞു. ഏന്തയാര്‍, കൂട്ടിക്കല്‍, വടക്കേമല മലയോരങ്ങളില്‍ മഴ ശമിച്ചതോടെ ഉരുള്‍പൊട്ടല്‍ ഭീഷണി കുറഞ്ഞു.
• പുതുപ്പള്ളി കൈതേപ്പാലത്തും കൊട്ടാരത്തില്‍കടവിലും വാകത്താനത്തും വീടുകളില്‍ വെള്ളം കയറിയതോടെ ഞായറാഴ്ച നാലു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഫയര്‍ ഫോഴ്സാണ് ആളുകളെ ഒഴിപ്പിച്ചത്.
• മീനടം പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ഞണ്ടുകുളം പാലം മുങ്ങി. രാത്രിയില്‍ സൗത്ത് പാമ്പാടി സ്വദേശിയായ വൈദികന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി.
• വാകത്താനം കണ്ണന്‍ചിറ കൊട്ടരത്തില്കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അയര്‍ക്കുന്നം-കിടങ്ങൂര്‍ റോഡിലും വെള്ളം കയറി.
• ശബരിമല പാതയില്‍ കണമല അട്ടിവളവില്‍ മണ്ണിടിച്ചില്‍ തുടരുന്നു.
• പുതുപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വീടുകളില്‍ വെള്ളം കയറി. പുതുപ്പള്ളി - കൊട്ടാരത്തില്‍ കടവ് റോഡിലും കൈതേപ്പാലത്തും റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി.
• ഏറ്റുമാനൂരിലും പാമ്പാടിയിലും കടകളില്‍ വെള്ളം കയറി. ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ വില്ലേജ് ഓഫീസിനു സമീപവും പേരൂര്‍ കവലയിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളക്കെട്ട്.
•കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയം ഏറ്റുമാനൂര്‍ നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
ജാഗ്രത തുടരും
കോട്ടയം: നാലു വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം. ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ രാത്രി യാത്രയും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നാലു വരെ നിരോധിച്ചു.
കണ്ട്രോള് റൂം നമ്പരുകള്‍
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 0481 2565400, 9188610017, 9446562236
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചില്‍ താലൂക്ക്: 0482 2212325
ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.