മുദ്രപ്പത്രങ്ങള്‍ക്കും കോര്‍ട്ട് ഫീ സ്റ്റാമ്പുകള്‍ക്കും ചങ്ങനാശേരിയില്‍ കൊടിയ ദൗര്‍ലഭ്യം
1484116
Tuesday, December 3, 2024 7:20 AM IST
ചങ്ങനാശേരി: മുദ്രപത്രങ്ങള്‍ക്കും കോര്‍ട്ട്ഫീ സ്റ്റാമ്പുകള്‍ക്കും മൂന്നുമാസക്കാലമായി ചങ്ങനാശേരിയില്‍ കൊടിയ ദൗര്‍ലഭ്യം. വിവിധ സര്‍ക്കാര്‍, റവന്യു ഇടപാടുകള്‍ക്ക് ദുരിതം നേരിടുന്നു. വാടകച്ചീട്ടുകള്‍, വസ്തുക്കച്ചവട കരാര്‍ ഉടമ്പടി, ഒറ്റി ഉടമ്പടി, വൈദ്യുതി വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്കിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അമ്പത്, നൂറ്, ഇരുനൂറ്, അഞ്ഞൂറ് തുടങ്ങിയ മുദ്രപ്പത്രങ്ങളാണ് വേണ്ടിവരുന്നത്. ഇതു കിട്ടാതായതോടെ അത്യാവശ്യക്കാര്‍ ചെറിയ ആവശ്യങ്ങള്‍ക്കുപോലും ആയിരം രൂപയുടെ പത്രങ്ങള്‍ വാങ്ങി ഉപരയോഗിക്കേണ്ടി വരികയാണ്.
ഇ-സ്റ്റാമ്പിംഗ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള സാങ്കേതിക തടസങ്ങളാണ് പ്രതിസന്ധിക്കു കാരണമാകുന്നത്. വെണ്ടര്‍മാരുടെ തൊഴില്സംരക്ഷണത്തിന്റെ ഭാഗമായിക്കൂടെയാണ് ഈ സ്റ്റാമ്പിംഗ് നടപടികള്‍ നീളുന്നതെന്നാണ് അധികാരികള്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇത് ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്.
റീവാല്യുഡേറ്റ് ചെയ്ത പത്രങ്ങളും കിട്ടാനില്ല
ഈ സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിന്റെ ഭാഗമായി നാസിക്കില്‍ മുദ്രപ്പത്രങ്ങള്‍ അടിക്കുന്നില്ല. മുന്‍കാലങ്ങളില്‍ പ്രിന്റ് ചെയ്ത 50, 20,10 എന്നീ പത്രങ്ങള്‍ റീവാലുഡേറ്റ് ചെയ്തു വില്‍ക്കുന്നുണ്ടെങ്കിലും ചങ്ങനാശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു ലഭ്യമല്ല. കോട്ടയം ജില്ലാ ട്രഷറിയില്‍ മുദ്രപ്പത്രങ്ങള്‍ സ്റ്റോക്കില്ലെന്നാണ് പറയുന്നത്.
ചെറിയ മുദ്രപ്പത്രങ്ങള്‍ റീവാല്യുഡേറ്റ് ചെയ്യുമ്പോള്‍ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാരുടെ സീലും ഒപ്പും വേണമെന്നതും ഇത്തരം പത്രങ്ങളുടെ വിതരണത്തില്‍ താമസം സഷ്ടിച്ചു. എന്നാല്‍ തിരുവല്ല, ചെങ്ങന്നൂര്‍, മല്ലപ്പള്ളി, കുട്ടനാട് താലൂക്കുകളില്‍ മുദ്രപ്പത്രങ്ങള്‍ ലഭ്യമാണ്. ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതുമൂലം ഇത്തരം മുദ്രപത്രങ്ങള്‍ വെണ്ടര്‍മാരുടെ കൈകളിലുള്ള മുദ്രപ്പത്രങ്ങളും തീര്‍ന്നു പോകുകയാണ്. സബ്ട്രഷറികളില്നിന്നും ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് വെണ്ടര്‍മാര്‍ക്ക് പത്രങ്ങള്‍ ലഭ്യമാക്കുന്നത്.
വിവിധ താലൂക്കുകളില്‍ പോയി വാങ്ങേണ്ടിവരുന്നത് ദുരിതം
ചങ്ങനാശേരിയില്‍ മുദ്രപ്പത്രങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ആളുകള്‍ വണ്ടിക്കൂലി മുടക്കി വിവിധ സ്ഥലങ്ങളില്‍പോയി ഇവ വാങ്ങേണ്ട അവസ്ഥയാണ്. ഇത് സമയനഷ്ടവും സാമ്പത്തിക നഷ്ടം വരുത്തുന്നതായും പരാതി വ്യാപകമാണ്. ഒന്നുകില്‍ കുറഞ്ഞവിലയുള്ള പത്രങ്ങള്‍ റീവാല്യുഡേറ്റ് ചെയ്തോ ആവശ്യത്തിനു മുദ്രപത്രങ്ങള്‍ എത്തിച്ചോ ചങ്ങനാശേരിയിലെ മുദ്രപ്പത്രക്ഷാമം പരിഹരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
കോടതിയില്‍ ഉപയോഗിക്കേണ്ട സ്റ്റാമ്പ് പോലും ചങ്ങനാശേരിയിൽ ലഭ്യമല്ല. വക്കീല്‍ ഗുമസ്തന്മാരും ഓഫീസ് സ്റ്റാഫും തിരുവല്ലയില്‍ എത്തിയാണ് ഇത് വാങ്ങുന്നത്. പത്തു രൂപ സ്റ്റാമ്പുകള്‍ ചങ്ങനാശേരിയില്‍ കരിഞ്ചന്ത വില്‍പ്പന നടക്കുന്നതായും പരാതിയുണ്ട്.
ചങ്ങനാശേരി സബ് ട്രഷറിയില്‍ മുദ്രപത്രങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍സിപി (എസ് )സംസ്ഥാന സമിതി അംഗം ലിനു ജോബ് ആവശ്യപ്പെട്ടു.