നിയന്ത്രണംവിട്ട് പാഴ്സല്‍ വാന്‍ മറിഞ്ഞ് അപകടം
1484112
Tuesday, December 3, 2024 7:20 AM IST
കടുത്തുരുത്തി: അമിത വേഗത്തിലെത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ ടെലിഫോണ്‍ പോസ്റ്റിലിടിച്ചു നിയന്ത്രണം വിട്ട് പാഴ്സല്‍ വാന്‍ മറിഞ്ഞ് അപകടം. വാനിലുണ്ടായിരുന്ന ഉഴവൂര്‍ റെജിഭവനില്‍ ആകാശ് റെജി (25), നീണ്ടൂര്‍ കള്ളിയാടിച്ചിറ ഉണ്ണി പ്രകാശന് (24) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റൂ. ഇരുവരെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ആപ്പാഞ്ചിറ-കീഴൂര്‍ റോഡില്‍ പൂഴിക്കോല്‍ കുരിശുപള്ളിക്കു സമീപമാണ് അപകടം. കീഴൂര്‍ ഭാഗത്തേക്കു പോവുകയായിരുന്നു പാഴ്സല്‍ വാന്‍. എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്ക് വളവില്‍ വീശിയെടുക്കുകയായിരുന്നുവെന്ന് വാന്‍ ഡ്രൈവര്‍ പറഞ്ഞു. വാനിലിടിക്കാതിരിക്കാന് വെട്ടിച്ചുമാറ്റുമ്പോഴാണ് വാന്‍ റോഡരികിലെ ടെലിഫോണ്‍ പോസ്റ്റിലിടിച്ചു നിയന്ത്രണംവിട്ട് മറിയുന്നത്.
അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. പിന്നീട് വാന്‍ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിനു കാരണമായ ബൈക്ക് നിര്‍ത്താത ഓടിച്ചുപോയി.