അതിരമ്പുഴയിൽ കടകൾ അടിച്ചുതകർത്ത കേസ്: പ്രതികളുമായി തെളിവെടുപ്പ് നടത്തി
1467271
Thursday, November 7, 2024 7:18 AM IST
അതിരമ്പുഴ: കഞ്ചാവ് ലഹരിയിൽ അതിരമ്പുഴയിലെ വ്യാപാരസ്ഥാപനങ്ങൾ അടിച്ചുതകർക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. സംഭവദിവസം പോലീസിന് നേരെയും ആക്രമണം നടത്തിയതിനാൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്.
ഏറ്റുമാനൂർ എസ്എച്ച്ഒ എസ്.എ. അൻസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അതിരമ്പുഴ കോട്ടമുറി മൂഴിപ്പറമ്പിൽ നിഖിൽ ജോഷി, പടിഞ്ഞാറ്റുംഭാഗം വടക്കത്തുപറമ്പിൽ ആദർശ് മനോജ്, പട്ടിത്താനം അരവിന്ദ മന്ദിരത്തിൽ ശ്രീരാജ്, അതിമ്പുഴ കിടാച്ചിറ ഫൈസൽ ഹമീദ്, തമിഴ്നാട് സ്വദേശി മിർസാ മുസമ്മൽ എന്നിവരെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
കാക്കനാട് ജയിലിൽനിന്നും ഉച്ചയോടെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷം വൈകുന്നേരം മൂന്നരയോടെയാണ് തെളിവെടുപ്പിനെത്തിച്ചത്. ആക്രമണം നടന്ന വ്യാപാരസ്ഥാപനങ്ങളിലും പ്രതികൾ രക്ഷപ്പെട്ട് ഓടിയ ചന്തക്കുളം ഭാഗത്തെത്തിച്ചും തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 19ന് അതിരമ്പുഴ ടൗൺ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ കെയർ എന്ന സ്ഥാപനത്തിലെത്തിയ പ്രതികൾ ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സംഘമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. മൊബൈൽ കടയിലെ ജീവനക്കാർ സമീപത്തെ അഞ്ജലി കളക്ഷൻസ് എന്ന വ്യാപാര സ്ഥാപനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ഈ സ്ഥാപനത്തിനു നേരെയും സംഘം ആക്രമണം നടത്തി.
വിവരമറിഞ്ഞെത്തിയ പോലീസ് ചന്തക്കുളത്തിനു സമീപത്തുനിന്നും മൂന്നു പ്രതികളെ പിടികൂടിയിരുന്നു. പെപ്പർ സ്പ്രേ ഉപയോഗിച്ചും മറ്റും ഇവർ നടത്തിയ ആക്രമണത്തെ അതിജീവിച്ച് അതിസാഹസികമായാണ് പ്രതികളെ പോലീസ് കീഴ്പ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് നാട്ടിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. കഞ്ചാവ്, ലഹരി മാഫിയക്കെതിരേ ശക്തമായ നടപടി വേണമെന്നും നാട്ടുകാരും വിവിധ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.