ആകെ വലഞ്ഞ് ജനം; കഞ്ഞിക്കുഴിയിൽ ഗതാഗതക്കുരുക്ക്, നഗരത്തിൽ വെള്ളക്കെട്ട്
1466792
Tuesday, November 5, 2024 8:17 AM IST
കോട്ടയം: കഞ്ഞിക്കുഴിയില്‍ ഇന്നലെ രാവിലെയും വൈകുന്നേരവുമുണ്ടായ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങൾ. രാവിലെ കളക്ടറേറ്റ് മുതല്‍ വടവാതൂര്‍ വരെ നൂറുകണക്കിന് വാഹനങ്ങള്‍ കുരുങ്ങിയിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്നു പരാതിയുണ്ട്.
രാവിലെ ഒന്പതിനു തുടങ്ങിയ വാഹനക്കുരുക്ക് ഉച്ചയായിട്ടും പൂര്‍ണമായി മാറിയില്ല. പത്തിനു വിവിധ സ്ഥാപനങ്ങളില്‍ എത്തേണ്ടവര്‍ക്ക് ഒന്നരമണിക്കൂറോളം വൈകി ഹാജര്‍ നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി.
വൈകുന്നേരവും കഞ്ഞിക്കുഴിയിൽ സമാനസ്ഥിതി തന്നെയായിരുന്നു. കനത്ത മഴ കൂടി പെയ്തതോടെ വാഹനക്കുരുക്ക് അതിരൂക്ഷമായി.
കനത്ത മഴയെത്തുടർന്ന് എംസി റോഡിൽ സ്റ്റാർ ജംഗ്ഷനിൽ വെള്ളക്കെട്ടുമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു നാലോടെ പെയ്ത മഴയിലാണ് അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട മണ്ണുവീണ് അടഞ്ഞതാണ് കാരണം. സ്റ്റാർ ജംഗ്ഷൻ മുതൽ പറപ്പള്ളി ടയർ വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേ തുടർന്ന് കോട്ടയം നഗരത്തിലും വൻ ഗതാഗതക്കുരുക്കും ഉണ്ടായി.
മഴക്കെടുതിയിൽ പുതുപ്പള്ളിയിൽ വൻനാശനഷ്ടം
കോട്ടയം: മഴക്കെടുതിയിൽ പുതുപ്പള്ളിയിൽ വൻനാശനഷ്ടം. ഇന്നലെ വൈകുന്നേരം നാലോടെ പെയ്ത മഴയിൽ പുതുപ്പള്ളിയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായി. പഞ്ചായത്ത് ഒന്നാം വാർഡിലെ പെരുംകാവിലാണ് നാശനഷ്ടമുണ്ടായത്. പ്രദേശത്തെ വീടിന്റെ 15 അടി പൊക്കമുള്ള മതിൽ ഇടിഞ്ഞു സമീപത്തെ മറ്റൊരു വീടിന്റെ പിറകിലേക്കു വീണു. മുറ്റത്തുണ്ടായിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മണ്ണിനടിയിലായി.
അപകടം നടക്കുമ്പോൾ വീട്ടുകാർ മുൻവശത്തായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വീടിന്റെ അടുക്കള വിണ്ടുകീറിയ നിലയിലാണ്. പഞ്ചായത്തു പരിധിയിലെ പല വീടുകളിലേക്കും വെള്ളം ഇരച്ചെത്തി. ഇരവിനല്ലൂർ സ്കൂളിന്റെ മതിലും കനത്തമഴയിൽ ഇടിഞ്ഞു വീണു.
പുതുപ്പള്ളി ബസ് സ്റ്റാൻഡിലെ വൺവേയ്ക്കു സമീപത്തെ കടകളിലും വെള്ളം കയറി, സാധനങ്ങൾക്കു നാശം സംഭവിച്ചു. പഞ്ചായത്തിലെ മിക്ക ഇടറോഡുകളിലും വെള്ളം കയറി.