വഴിയോര കച്ചവടക്കാരുടെ ഉപകരണങ്ങൾ നഗരസഭ തിരിച്ചു നൽകി
1466778
Tuesday, November 5, 2024 8:17 AM IST
വൈക്കം:നഗരസഭ അധികൃതര്‍ പിടിച്ചെടുത്ത വഴിയോര കച്ചവടക്കാരുടെ ഉപകരണങ്ങള്‍ തിരിച്ചു നല്കാന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് നഗരസഭ അധികൃതർ ഉപകരണങ്ങൾ തിരിച്ചു നല്കി. രണ്ടര മാസം മുമ്പാണ് ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതായി ആരോപിച്ച് വഴിയോര കച്ചവടക്കാരുടെ ഉപകരണങ്ങള്‍ നഗരസഭ പിടിച്ചെടുത്തത്.
വഴിയോര കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നടപടിക്കെതിരെ സിപിഐയുടെയും എഐടിയുസിയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.
നഗരസഭ പിടിച്ചെടുത്ത തൊഴില്‍ ഉപകരണങ്ങള്‍ തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് വഴിയോര തൊഴിലാളി യൂണിയന് എഐടിയുസി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വഴിയോര കച്ചവട തൊഴിലാളികളുടെ ഉപകരണങ്ങള്‍ തിരിച്ചു നല്കാന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച യോഗം എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എന്‍. രമേശന് ഉദ്ഘാടനം ചെയ്തു.
യൂണിയന് ടൗണ്‍ പ്രസിഡന്റ് കെ.വി.സുമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കണ്ണേഴത്ത്, എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം ഡി.രഞ്ജിത് കുമാര്‍, കെ.അജിത്ത്,എന്‍. അനില്‍ബിശ്വാസ്, കെ.വി.ജീവരാജന്, അശോകന് വെള്ളവേലി,സുകു, മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.