പുഞ്ചക്കൃഷിയിറക്കാന്‍ സമയമായി : കുറിച്ചിയില്‍ കൃഷി ഓഫീസറും വാകത്താനത്തും വാഴപ്പള്ളിയിലും അസി. കൃഷി ഓഫീസര്‍മാരുമില്ല
1466546
Monday, November 4, 2024 7:43 AM IST
ചങ്ങനാശേരി: പുഞ്ചകൃഷിയിറക്കാന്‍ സമയമായി. കുറിച്ചിയില്‍ കൃഷി ഓഫീസറും വാകത്താനത്തും വാഴപ്പള്ളിയിലും അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരുമില്ല. പുഞ്ചകൃഷിയിറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് നെല്‍കര്‍ഷകരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉദ്യോഗസ്ഥരില്ലാത്തത് ബുദ്ധിമുട്ടാകുന്നത്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കുറിച്ചി പഞ്ചായത്ത് കൃഷിഭവനില്‍ കൃഷി ഓഫീസര്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. അസുഖത്തെത്തുടര്‍ന്ന് കൃഷി ഓഫീസര്‍ നീണ്ട അവധിയിലാണ്. പകരം ഓഫീസറെ നിയമിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്.
മാടപ്പള്ളി ബ്ലോക്ക് പരിധിയില്‍പ്പെട്ട വാകത്താനം കൃഷി ഓഫീസില്‍ മൂന്നു കൃഷി അസിസ്റ്റന്റുമാരുടെ തസ്തികയുണ്ടെങ്കിലും ഒരു വര്‍ഷമായി ഒരു അസിസ്റ്റന്റ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വാഴപ്പള്ളി പഞ്ചായത്ത് കൃഷി ഓഫീസിലും ഒരു കൃഷി അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.
പാടശേഖര സമിതി നല്കുന്ന അപേക്ഷകള്‍ സംബന്ധിച്ച് നേരിട്ടു സ്ഥലത്തുപോയി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് കൃഷി ഓഫീസര്‍മാരും അസിസ്റ്റന്റ് ഓഫീസര്‍മാരുമാണ്. നെല്‍കൃഷി കൂടാതെ പോഷക സമൃദ്ധി, ജൈവകാര്‍ഷിക മിഷന്, ജനകീയാസൂത്രണ പദ്ധതികള്‍ തുടങ്ങി പല പദ്ധതികളും കൃഷി ഓഫീസുകള്‍ വഴിയാണ് നിര്‍വഹിക്കേണ്ടിവരുന്നത്.
വിവിധ കൃഷി ഓഫീസുകളില്‍ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന വിവിധ പാടശേഖര സമിതികളും കാര്‍ഷിക സംഘടനകളും ആവശ്യപ്പെട്ടു.