അറുപത്തഞ്ചിന്റെ ചെറുപ്പത്തിലും കടലവില്പന പൊടിപൊടിച്ച് പരീത്കുഞ്ഞ്
1466532
Monday, November 4, 2024 7:30 AM IST
കോട്ടയം: എഴുപതുകളിൽ രണ്ടേകാല്‍ രൂപയ്ക്കു കടല മേടിച്ചു വില്പന തുടങ്ങിയ ഒരാള്‍ കോട്ടയത്തുണ്ട്- പരീത്. രണ്ടേകാല്‍ മാറി കടല വില 130 രൂപയായി ഉയര്‍ന്നപ്പോഴും 65ന്റെ ചെറുപ്പത്തില്‍ കടലവില്പന തുടരുകയാണ് വേളൂര്‍ നാലുകണ്ടത്തില്‍ പരീത്കുഞ്ഞ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാതിരുന്ന പരീത്, കടല കച്ചവടം നടത്തിയാണ് ഇന്നുള്ളതെല്ലാം നേടിയത്.
53 വര്‍ഷമായി വയസ്കരകുന്ന് റോഡില്‍ പാലാമ്പടം നാല്ക്കവലയിലാണ് പരീതിന്റെ കച്ചവടം.
വേളൂരിലെ വീട്ടില്‍നിന്നും രാവിലെ സൈക്കിളിലാണ് കച്ചവടത്തിന് എത്തുന്നത്. 1970ലാണ് പരീത് കടല കച്ചവടം തുടങ്ങിയത്.
ആദ്യം മണ്ണെണ്ണ സ്റ്റൗവിലാണ് കടല വറുത്തിരുന്നത്. മണ്ണെണ്ണ മാറി ഗ്യാസും ബാറ്ററിയുമായപ്പോഴും പരീത്കുഞ്ഞു കച്ചവടത്തില്‍ സജീവമാണ്. എന്നും രാവിലെ കോട്ടയത്തെത്തി കടല മേടിച്ച് ഉപ്പിട്ട് വയ്ക്കും. ഉച്ചകഴിയുമ്പോള്‍ കടല വില്പനയാരംഭിക്കും. അടിയന്തരാവസ്ഥയും കോവിഡും പ്രളയവും അതിജീവിച്ച പരീത് ദിവസത്തിന്റെ സിംഹഭാഗവും നിന്നാണ് കഴിച്ചുകൂട്ടുന്നത്.
ജംഗ്ഷനില്‍ കച്ചവടം നടത്തുന്ന പരീതിനെ ഇവിടെനിന്നു മാറ്റാന്‍ ഒരിക്കല്‍ ശ്രമം നടന്നു. എന്നാല്‍, ആളുകള്‍ ചേര്‍ന്നു തടഞ്ഞു. അതോടെ പരീതിന്റെ സ്ഥാനം ഉറച്ചു. നാട്ടുകാരും ജനങ്ങള്‍ക്കും പരീത് സുപരിചിതനാണ്. ഇത്രയും കാലമിവിടെ കച്ചവടം നടത്താന്‍ കഴിഞ്ഞത് അവരുടെ സഹകരണത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്.
65 വയസായെങ്കിലും വിശ്രമിക്കാന്‍ സമയമായിട്ടില്ലെന്നാണ് പരീതിന്റെ ഭാഷ്യം.