കളരിയാമ്മാക്കല് പാലത്തില്‍ കയറണോ; ഗോവണിയുമായി വന്നോളൂ...
1466695
Tuesday, November 5, 2024 7:12 AM IST
പാലാ: പാലാ നഗരസഭയെയും മീനച്ചില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കളരിയാമ്മാക്കല് പാലത്തിൽ ഗോവണി വച്ചു കയറേണ്ട അവസ്ഥ.
അപ്രോച്ച് റോഡു നിര്‍മിക്കാന്‍ വൈകുന്നതുമൂലമാണ് പാലത്തിൽകൂടിയുള്ള യാത്ര സുഗമമാകാത്തത്. കോടികള്‍ മുടക്കി നിർമിച്ച പാലത്തിലേക്കു 14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗോവണി വച്ചു കയറേണ്ട അവസ്ഥ വന്നതിൽ നാട്ടുകാർ കടുത്തപ്രതിഷേധത്തിലാണ്. അപ്രോച്ച് റോഡ് ഇല്ലാത്തതു മൂലം മീനച്ചില്‍ പഞ്ചായത്തിലുള്ളവര്‍ക്കു ടൗണിലേയ്ക്കു പോകുന്നതിനു അഞ്ചു കിലോമീറ്റര്‍ ദൂരം കൂടുതല്‍ യാത്ര ചെയ്യേണ്ടി വരികയാണ്.
നാട്ടുകാരുടെ ധർണ
ടൗണില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുള്ള കളരിയാമ്മാക്കല് കടവില്‍ നിർമാണം പൂര്‍ത്തീകരിച്ച പാലത്തിലേക്കു നാളിതുവരെയായിട്ടും റോഡ് നിര്‍മിക്കാത്ത അധികാരികളുടെ നടപടിയില്‍ നാട്ടുകാർ പ്രതിഷേധിച്ചു. സിവില്‍ സ്റ്റേഷനു മുൻവശത്ത് തരംഗിണി സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിൽ ധര്‍ണ നടത്തി. റോഡ് പൂര്‍ത്തീകരിക്കുന്നതു വരെ വിവിധ ജനകീയ സമരങ്ങള്‍ തുടരാന്‍ പ്രതിഷേധ യോഗം തീരുമാനിച്ചു. പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. തരംഗിണി സാംസ്കാരിക സംഘം പ്രസിഡന്റ് ജോസഫ് വെട്ടിക്കല്‍, സജീവ് നിരപ്പേല്‍, ലൈല മാക്കുന്നേല്‍, സണ്ണി വെട്ടം, ജോയി മൂക്കന്‍തോട്ടം, ജോജി തറക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇടപെടല്‍ നടത്തുന്നുണ്ടെന്ന് നഗരസഭാധ്യക്ഷന്‍
നഗരഗതാഗത വികസനം മുന്നില്‍ കണ്ടു നിര്‍മിച്ച കളരിയാംമാക്കല്‍ പാലം പ്രയോജനപ്പെടുത്തുന്നതിലേക്കായുള്ള രണ്ടാം ഘട്ട റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഊര്ജിതപ്പെടുത്തുവാന് നഗരസഭ സത്വര ഇടപെടല്‍ നടത്തിവരുന്നതായി നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തന് പറഞ്ഞു. വര്‍ധിച്ചു വരുന്ന വാഹന പെരുപ്പത്തെ നേരിടാന്‍ രണ്ടാംഘട്ട റിംഗ് റോഡ് എത്രയും വേഗം പൂര്ത്തിയാക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ഒപ്പമുണ്ടെന്ന് എല്‍ഡിഎഫ്
മന്ദീഭവിച്ച റോഡ് നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ഉള്‍പ്പെടെയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ എല്‍ഡിഎഫ് നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നതായി എല്‍ഡിഎഫ് പാലാ മുനിസിപ്പല്‍ ടൗണ്‍ മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ബിജു പാലൂപ്പടവന് പറഞ്ഞു.
മീനച്ചില്‍ റിവര്‍വാലി പദ്ധതിയുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ചെക്ക്ഡാം സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് നഗരത്തിന്റെ ഭാവിഗതാഗത വികസനം മുന്‍കൂട്ടി കണ്ടു മീനച്ചിലാറിനു കുറുകെ ഒരു പാലം കൂടി വിഭാവനം ചെയ്ത് നിര്‍മിച്ചത്. പതിറ്റാണ്ടായി ചെക്ക്ഡാം പ്രയോജനപ്പെടുത്തി മീനച്ചില്‍, ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലെ നിരവധിയായ ശുദ്ധജല പദ്ധതികള്‍ വേനലിലും കുടിവെള്ളം ലഭ്യമാക്കി വരുന്നുണ്ട്.
പാലാ റിംഗ് റോഡിന്റെ രണ്ടാം ഘട്ട റോഡു കളരിയാംമാക്കല്‍ പാലത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടിയാണ് നടത്തുന്നത്. കളരിയാംമാക്കല്‍ പാലം ഭാഗത്തെ റോഡ് നിര്‍മാണത്തിനായുള്ള ഭരണാനുമതി വര്‍ഷങ്ങള്‍ക്കു മുന്നേ ലഭ്യമാക്കിയിട്ടുമുണ്ട്.
പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്തു നിന്നുള്ള റോഡ് നിര്‍മാണത്തിനായി ഡിപിആറിനുള്ള നടപടികളും നടന്നു വരുന്നതായി ബിജു പാലൂപ്പടവന് വ്യക്തമാക്കി.കഴിഞ്ഞ അഞ്ചു വര്‍ഷമായി പാലത്തിന്റെ പേരുപറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നിരവധിയായ ഘട്ടങ്ങള്‍ ഇനി ആദ്യം മുതല്‍ ആരംഭിക്കേണ്ടതുണ്ട്. ഏറ്റെടുക്കേണ്ട ഭൂമിയുടെയും ഭൂഉടമകളുടെയും വിവരശേഖരണം സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ കബളിപ്പിച്ചെന്ന് കേരളാ ഡെമോക്രാറ്റിക് പാര്‍ട്ടി
സമീപ പാതയില്ലാതെ കളരിയാമ്മാക്കല് പാലം പണിതവര്‍ ജനങ്ങളെ കബളിപ്പിക്കലാണ് നടത്തിയതെന്ന് കേരളാ ഡെമോക്രാറ്റിക് പാര്‍ട്ടി. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വികസനം തടസപ്പെടുത്തുകയാണെന്നും പ്രശ്നപരിഹാരത്തിനായി എംഎല്‍എ നടത്തുന്ന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നവരെ ജനം വീണ്ടും പാഠം പഠിപ്പിക്കുമെന്നും നിയോജക മണ്ഡലം യോഗം പ്രസ്താവിച്ചു. വിവിധ സാംസ്കാരിക സംഘടനകളും പ്രദേശവാസികളും നടത്തുന്ന പ്രതിഷേധ സമരപരിപാടികളെ സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ് തങ്കച്ചന് മുളകുന്നം അറിയിച്ചു.