കൊച്ചിയില്‍ കുതിക്കാനൊരുങ്ങി കോട്ടയത്തെ കൗമാരം
1466716
Tuesday, November 5, 2024 7:13 AM IST
കോട്ടയം: നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും പുതിയ ദൂരവും ഉയരവും വേഗവും തിരികെപിടിക്കാനുള്ള പോരാട്ടവീര്യവുമായി ജില്ലയിലെ ചുണക്കുട്ടികളായ കായിക താരങ്ങള്‍ നാളെ മുതല്‍ കൊച്ചിയിലെ ട്രാക്കിലിറങ്ങും.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിദ്യാഭ്യാസ ജില്ലാതലത്തില്‍ സംസ്ഥാന കായികമേള മത്സരം നടന്നപ്പോള്‍ കെ.പി. തോമസ് മാഷിന്റെയും കോരുത്തോട് സികെഎംഎച്ച്എസ്എസിന്റെയും കരുത്തില്‍ തുടര്‍ച്ചയായി 16 വര്‍ഷവും അതിനു ശേഷം ജില്ലാതലത്തില്‍ മത്സരം നടന്നപ്പോള്‍ നാലു വര്‍ഷവും കോട്ടയം ജില്ല ചാമ്പ്യന്‍ പട്ടം നേടിയിരുന്നു. ജില്ലയിലെ കായികമേഖലയില്‍ നിരവധി കുട്ടികളെ പരിശീലിപ്പിച്ച കെ.പി. തോമസ് മാഷും കെ.വി. ദേവസ്യ ഉള്‍പ്പെടെയുള്ള കായികാധ്യാപകരും കായിക പരിശീലനത്തില്‍നിന്നു വിരമിച്ചതോടെ ചാമ്പ്യന്‍പട്ടം ജില്ലയ്ക്കു നഷ്ടമായി തുടങ്ങി. എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ശക്തമായ കുതിപ്പില്‍ പിന്നീട് ജില്ലയക്ക് ചാമ്പ്യന്‍പട്ടം കിട്ടിയിട്ടേയില്ല.
മൂന്നു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവുമായി 42 പോയിന്റു മാത്രമാണ് കഴിഞ്ഞ വര്‍ഷം കുന്നംകുളത്തു നടന്ന സംസ്ഥാന കായികമേളയില്‍ ജില്ലയ്ക്കു നേടാനായത്.
ജില്ലാ കായികമേളയില്‍ ബെസ്റ്റ് സ്കൂളുകളായ പൂഞ്ഞാര്‍ എസ്എംഎവി സ്കൂളിന്റെയും പാലാ സെന്റ് തോമസ്, സെന്റ് മേരീസ് സ്കൂളുകളുകളുടെയും നേതൃത്വത്തിലാണ് പ്രതാപം തിരിച്ചു പിടിക്കാനായി കുട്ടികള്‍ കൊച്ചിയിലെത്തിയിരിക്കുന്നത്. ജില്ലാ കായിക മേളയില്‍ പാലാ സ്കൂളുകളുടെ ചിറകിലേറി പാലാ ഉപജില്ലയും പൂഞ്ഞാര്‍ എസ്എംവി സ്കൂളുമാണ് ചാമ്പ്യന്മാരായത്.
ഗെയിംസിലും അത്ലറ്റിക്സിലുമായി 1,380 കുട്ടികള്‍
ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് ജില്ലാ ടീം ഒരുങ്ങിയിരിക്കുന്നത്. ഗെയിംസിനും അത്ലറ്റിക്സിനുമായി 1,380 കുട്ടികളാണ് ജില്ലയില്‍നിന്നു മത്സരിക്കുന്നത്. ഭിന്നശേഷി കായികമേളയില്‍ 113 പേരും പങ്കെടുക്കുന്നു. ഇടവേളകളില്ലാത്ത കഠിനമായ പരിശീലനമാണ് ഓരോ കുട്ടിയും നടത്തിയിരുന്നത്.
പാലാ ജംപ്സ് അക്കാദമിയിലെ കെ.പി. സതീഷ്കുമാറിന്റെ ശിക്ഷണത്തിലെത്തുന്ന പോള്‍വാള്‍ട്ട് താരങ്ങളാണ് പോള്‍വാള്‍ട്ട് മത്സരത്തിലെ ആകാശപ്പൊക്കക്കാര്. പാലാ സെന്റ് തോമസ് സ്കൂളിലെ മിലന് സാബു ഇത്തവണ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന റിക്കാര്‍ഡായ 4.06 എന്നത് പാലായില്‍ നടന്ന ജില്ലാ കായികമേളയില്‍ 4.10 ചാടി മിലന് ബ്രേക്ക് ചെയ്തിരുന്നു.
പെണ്കുട്ടികളടെ 1500, 3000 മീറ്ററിലും ക്രോസ് കണ്ട്രിയിലും പാലാ സെന്റ് മേരീസ് സ്കൂളിലെ ആന്‍ മരിയ ജോണ്‍, ആണ്‍കുട്ടികളുടെ 400, 800 മീറ്ററില്‍ പാലാ സെന്റ് തോമസിലെ മുഹമ്മദ് സ്വാലിക്, ഹര്‍ഡില്‍സില്‍ സാബിന് ജോര്‍ജ്, ജോയല്‍ പോള്‍, 3,000 മീറ്ററില്‍ ഷാരോണ്‍ രാജു എന്നിവര്‍ തികഞ്ഞ മെഡല്‍ പ്രതീക്ഷയിലാണ്.
ഏന്തയാര്‍ ജെജെ മര്‍ഫി, ഇഞ്ചിയാനി ഹോളിഫാമിലി സ്കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ്, മുരിക്കുംവയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യര്‍ഥികളും സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ് സ്പോര്‍സ് ഹോസ്റ്റലിലെ കുട്ടികളും കഠിന പരിശീലനത്തിലും മെഡല്‍ പ്രതീക്ഷയിലുമാണ്. ഇന്നലെയും പരിശീലനം നടത്തിയ റിലേ ടീം സ്വര്‍ണ മെഡലില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഗെയിംസിനുള്ള ജില്ലാ ടീം കൊച്ചിയിലെത്തി.
കബഡി, ബാസ്കറ്റ് ബോള്‍, സോഫ്റ്റ്ബോള്‍, ബേയ്സ് ബോള്‍ എന്നിവയില്‍ മെഡല്‍ പ്രതീക്ഷയിലാണ് ജില്ലാ ടീം. അത്ലറ്റിക് ടീം ഇന്നു വിവിധ ഗ്രൂപ്പുകളായി കൊച്ചിയിലേക്ക് യാത്ര തിരിക്കും. കുട്ടികള്‍ക്കൊപ്പം ജില്ലയില്‍നിന്നുള്ള മുഴുവന്‍ കായികാധ്യാപകരും ഒഫീഷല്സായും കായികമേളയ്ക്ക് എത്തിയിട്ടുണ്ട്. പാലാ സെന്റ് തോമസ് സ്കൂളിലെ മുന്‍ കായികാധ്യാപകനും പാലാ സ്വദേശിയുമായ കെ.സി. സണ്ണിയാണ് മുഖ്യ സ്റ്റാര്‍ട്ടര്‍.