കനത്ത മഴയ്ക്കൊപ്പം ഏഴുതിരിവിളക്കിൽ വെളിച്ചവും; 48 പതിറ്റാണ്ടുകളുടെ പാരമ്പര്യം തുടരുന്നു
1466697
Tuesday, November 5, 2024 7:12 AM IST
കുറവിലങ്ങാട്: ഒരു കുടുംബത്തിന്റെ പിൻഗാമികൾ നടത്തുന്ന അണുവിടതെറ്റാത്ത ആചാരത്തിന് 48 പതിറ്റാണ്ടുകളുടെ പഴമയും തെളിമയും. പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചന്റെ ശ്രാദ്ധത്തിന്റെ തലേദിനമായിരുന്ന ഇന്നലെയാണ് വല്യച്ചന്റെ കബറിടത്തിങ്കൽ കുടുംബാംഗങ്ങളുടെ കൂടിവരവിലൂടെ ചരിത്രം തുടരുന്നത്. പതിവിന് വിപരീതമായി പാരമ്പര്യവിശ്വാസങ്ങൾക്ക് പിൻബലമേകി ഇന്നലെ സായാഹ്നം മുതൽ പ്രകൃതിയും പെയ്തിറങ്ങി.
വല്യച്ചന്റെ മരണദിനത്തിലെ കനത്തമഴയുടെ ഓർമകളാണ് ചരിത്രരേഖകൾ അനുസ്മ രിച്ച് പലരും ഓർമിച്ചെടുത്തത്.
കുടമാളൂർ പള്ളിയിൽ വികാരിയായിരിക്കെ അന്തരിച്ച പനങ്കുഴയ്ക്കൽ വല്യച്ചന്റെ മൃതദേഹം കുറവിലങ്ങാട് എത്തിക്കുമ്പോൾ കാറ്റും പേമാരിയും ശക്തമായിരുന്നുവെന്ന് ചരിത്രം. ശവമഞ്ചത്തിന്റെ തലയ്ക്കൽ കത്തിച്ചുവച്ച വിളക്കിന്റെ എണ്ണ കുറയുകയോ കെട്ടുപോകുകയോ ചെയ്തില്ല. അന്ന് എത്തിച്ച അതേ വിളക്ക് കബറിടത്തിന്റെ ശിരോഭാഗത്ത് പ്രതിഷ്ഠിച്ച് ശ്രാദ്ധത്തിന്റ് തലേദിനം തിരിതെളിക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. ഇത് 480 വർഷമായി തുടരുകയാണ്.
കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് നൂറുകണക്കായ കുടുംബാംഗങ്ങളാണ് ഇന്നലെ പള്ളിയിൽ എത്തിയത്. വല്യച്ചൻ സ്മാരക പാർക്കിൽ പതിവുപോലെ ലദീഞ്ഞും നടന്നു.
ഇന്ന് 481-ാം ശ്രാദ്ധത്തിന്റെ ഭാഗമായി 10.30ന് കപ്പാട് ഇടവക വികാരി ഫാ. അനിൽ മണിയങ്ങാട്ട്, റവ. ഡോ. ജേക്കബ് നാലുപറയിൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 12ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേർച്ചശ്രാദ്ധം ആശീർവദിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ സഹകാർമികനാകും.
തലേദിനത്തിൽ ജൂബിലി സ്മാരകപാർക്കിൽ നടന്ന തിരുക്കർമങ്ങളിൽ സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറയും കബറിടത്തിങ്കൽ നടന്ന പ്രാർഥനകളിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ എന്നിവരും കാർമികത്വം വഹിച്ചു.