നെല്ല് സംഭരണം തുടരുന്നു ; പണം ചോദിച്ചാൽ സര്‍ക്കാരിനു മൗനവ്രതം
1466712
Tuesday, November 5, 2024 7:13 AM IST
കോട്ടയം: പണം പലിശയ്ക്കെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും വിരിപ്പുകൃഷിയിറക്കിയ കര്‍ഷകര്‍ വിധിയെ പഴിക്കുന്നു. വര്‍ഷങ്ങളായി നെല്ല് സ്പ്ലൈകോയ്ക്കു നല്കുന്ന കര്ഷകന് പിആര്‍എസ് ലഭിക്കുന്നുണ്ടെങ്കിലും പണം മാത്രം സമയത്ത് ലഭിക്കില്ല. വിവിധ കോണുകളില്‍നിന്നു നെല്‍ കര്‍ഷകനു സമയത്ത് പണം നല്‍കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സര്‍ക്കാരിനു മൗനവ്രതമാണ്.
ഇത്തവണ ജില്ലയില്‍നിന്നു വിരിപ്പുകൃഷിയുടേതായി 854 മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇപ്പോഴും കൊയ്ത്ത് തുടരുന്നതിനുസരിച്ചു സംഭരണവും തുടരുകയാണ്. നെല്ലിന്റെ വിലയായി 12 രൂപ കൈകാര്യ ചെലവ് ഉള്‍പ്പെടെ ക്വിന്റലിന് 2,832 രൂപയാണ് സപ്ലൈകോ കര്‍ഷകര്‍ക്കു നല്‍കുന്നത്.
സംഭരിച്ച നെല്ലിന്റെ പണം രണ്ടാഴ്ച കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല. പിആര്‍എസ് ലഭിച്ച കര്‍ഷകര്‍ ബാങ്കില്‍ എത്തുമ്പോള്‍ ഇതു വാങ്ങാന്‍ ബാങ്കുകാര് തയാറാകുന്നില്ല. കണ്സോഷ്യത്തിലുള്ള ബാങ്കുകാരും സപ്ലൈകോയുമായി ഇതുവരെയും കര്‍ഷകര്‍ക്കു പണം നല്കുന്നതു സംബന്ധിച്ചു കരാര്‍ വച്ചിട്ടില്ല.
പിആര്‍എസിന്റെ അടിസ്ഥാനത്തില്‍ സപ്ലൈകോ കര്‍ഷകന്റെ പേരും ആഡ്രസും നല്‍കേണ്ട തുക അടങ്ങുന്ന ലിസ്റ്റ് ബാങ്കുകള്‍ക്കു നല്‍കും. ഇതനുസരിച്ചു പിആര്‍എസ് കര്‍ഷകര്‍ ബാങ്കില്‍ നല്കുമ്പോള് പണം നല്‍കും. കര്‍ഷകര്‍ക്കു ബാങ്ക് വായ്പയായിട്ടാണ് പണം നല്‍കുന്നത്. ഈ തുക സര്‍ക്കാര്‍ ബാങ്കില്‍ നല്കുമ്പോള് പലിശ സഹിതം കര്‍ഷകന്റെ പക്കല്‍നിന്നു ബാങ്ക് തിരികെ പിടിക്കുകയാണ് ചെയ്യുന്നത്.