കാർഷികരംഗത്തു ഫലപ്രദമായി ഇടപെടാൻ അഗ്രിമയ്ക്ക് കഴിയും: മാർ ജോസഫ് കല്ലറങ്ങാട്ട്
1466693
Tuesday, November 5, 2024 7:12 AM IST
മുട്ടുചിറ: കാർഷികരംഗത്ത് ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ പാലാ അഗ്രിമയ്ക്ക് കഴിയുമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സിയോൻ ഭവനിൽ ആരംഭിച്ച അഗ്രിമ നൈപുണ്യ വികസന പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്.
പൊതുജനങ്ങൾക്കായി വിവിധ പരിശീലനപരിപാടികൾ നടത്തുന്നതിനൊപ്പം ഹൈബ്രിഡ് പച്ചക്കറിതൈകൾ, വൈവിധ്യമാർന്ന നാടൻ, വിദേശ ഫലവൃക്ഷ തൈകൾ, കർഷക കൂട്ടായ്മകൾ നിർമിക്കുന്ന വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യ വിഭവങ്ങൾ എന്നിവയും പ്രവർത്തനം ആരംഭിച്ച അഗ്രിമയിൽ ലഭ്യമാണ്.
കേന്ദ്രത്തിന്റെ ആശീർവാദവും ബിഷപ് നിർവഹിച്ചു. മുട്ടുചിറ പരിശുദ്ധ റൂഹാദക്കുദിശ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ കൊട്ടുകാപ്പള്ളി, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ഡാന്റിസ് കൂനാനിക്കൽ, സിബി കണിയാംപടി എന്നിവർ പ്രസംഗിച്ചു.
രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കോതനല്ലൂർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ, ഫാ. തോമസ് നടയ്ക്കൽ, ഫാ. സൈറസ് വേലംപറമ്പിൽ, ഫാ. അലക്സ് പണ്ടാരക്കാപ്പിൽ, ഫാ. ജോർജ് നെല്ലിനിൽക്കുംചെരുവിൽപുരയിടം, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ഗോഡ്സൺ ചെങ്ങഴശേരിൽ, ഫാ. മാത്യു വാഴചാരിക്കൽ തുടങ്ങിയവർ പ്രാർഥനാ ശുശ്രൂഷകളിൽ സഹകാർമികരായി.