പിഎംജിഎസ്വൈ പദ്ധതി : റോഡുകളുടെ നിര്‍മാണവും നവീകരണവും- വിവരങ്ങൾ നൽകണം
1466711
Tuesday, November 5, 2024 7:12 AM IST
കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ്വൈ) പദ്ധതി പ്രകാരം പുതുതായി ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും 15നു മുമ്പായി റോഡുകളുടെ പേരുകളും വിവരങ്ങളും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ നിര്‍ദേശിക്കണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
റോഡുകള്‍ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകള്‍ നിര്‍മിക്കാനും ടാറിംഗ് നടത്തി ഗതാഗത സൗകര്യമൊരുക്കുന്നതിനുമാണ് മുന്‍ഗണന. റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും വീതി ആറു മീറ്ററും ഉണ്ടാകണം. സൗജന്യമായി സ്ഥലങ്ങള്‍ വിട്ടു കൊടുത്താല്‍ റോഡുകള്‍ ഇല്ലാത്ത ഏതു ജനവാസ കേന്ദ്രങ്ങളിലേക്കും പദ്ധതി പ്രകാരം പുതുതായി റോഡുകള്‍ നിര്‍മിക്കാം. റോഡുകള്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ സ്ഥലം ഫ്രീ സറണ്ടര്‍ ചെയ്യുകയും, അത് പഞ്ചായത്തുകള്‍ ഏറ്റെടുത്ത് ജില്ലാ തല ഓഫീസിലേക്ക് കൈമാറുകയും ചെയ്യണം. മൊബൈല്‍ അപ്ലിക്കേഷനിലൂടെ റോഡുകളുടെ അലൈന്മെന്റ് സര്‍വേ നടത്തും.
റോഡുകളുടെ പേര്, റോഡുകള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ് നമ്പര്‍, റോഡിന്റെ നീളം, വീതി, വീടുകളുടെ എണ്ണം, ബന്ധപ്പെടേണ്ട ജനപ്രതിനിധികളുടെ പേര്, മൊബൈല്‍ നമ്പര്‍, എന്നിവ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ ഇ-മെയിലേക്ക് (mpoffice [email protected]) അയയ്ക്കുകയോ കോട്ടയം ചാലുകുന്നിലുള്ള എംപി ഓഫീസില്‍ എത്തിക്കുകയോ ചെയ്യണം.
ലഭിക്കുന്ന അപേക്ഷകള്‍ പിഎംജിഎസ്വൈ ജില്ലാ ഓഫീസുകളിലേക്ക് കൈമാറും. നിര്‍ദിഷ്ട റോഡുകളുടെ അലൈന്മെന്റും മറ്റ് വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ സാറ്റലൈറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരിശോധിച്ച് പ്രോജകട് തയാറാക്കുന്നതിന് അന്തിമ അനുമതി നല്‍കുമെന്നും ഇനിയും വിവരങ്ങള്‍ ലഭ്യമാക്കാത്ത ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.