അറുനൂറ്റിമംഗലത്തെ ഉയരവിളക്ക് മിഴിയടച്ചിട്ട് പത്ത് മാസം പിന്നിടുന്നു
1466773
Tuesday, November 5, 2024 8:17 AM IST
കടുത്തുരുത്തി: അറുനൂറ്റിമംഗലത്തെ ഉയരവിളക്ക് മിഴിയടച്ചിട്ട് പത്ത് മാസം പിന്നിടുന്നു. സന്ധ്യയായാല്‍ ജംഗ്ഷന് ഇരുട്ടില്‍. കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന റോഡും പൊടി ശല്ല്യവും മൂലം കഷ്ടപ്പെടുന്ന അറുനൂറ്റിമംഗലം നിവാസികള്‍ക്ക് വീണ്ടും ഇരുട്ടടി. മുളക്കുളം പഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളിലെ പ്രദേശത്തുവരുന്നതാണ് അറുനൂറ്റിമംഗലം ജംഗ്ഷന്.
ഉയരവിളക്ക് തെളിയാതായതോടെ സന്ധ്യയോടെ കടകള്‍ക്ക് പൂട്ട് വീഴുന്നതോടെ ജംഗ്ഷന് പൂര്‍ണമായും ഇരുട്ടിലാകും. രാത്രികാലങ്ങളില്‍ ഇവിടെ ബസിറങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം ബുദ്ധിമുട്ടുന്നു. ഉയരവിളക്ക് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം സായാഹ്ന ധര്‍ണയും പ്രതിഷേധയോഗവും നടത്തിയിരുന്നു. വിളക്ക് കാലില്‍ റീത്ത് സമര്‍പിച്ച പ്രവര്‍ത്തകര്‍ മണ്ണെണ്ണ വിളക്കും കത്തിച്ചു വച്ചു.
കഴിഞ്ഞ പത്ത് ദിവസമായി വിളക്ക് കാലിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ണെണ്ണ വിളക്ക് തെളിക്കുന്നുണ്ട്. അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്തരിച്ച ജില്ലാ പഞ്ചായത്ത് മുന്‍മെമ്പര്‍ കെ.എ. അപ്പച്ചന് മുന്‍കൈയെടുത്ത് 2013-14 വര്‍ഷത്തെ ആസ്തിവികസന ഫണ്ടുപയോഗിച്ചു സ്ഥാപിച്ചതാണ് ജംഗ്ഷനിലെ ഉയരവിളക്ക്. പ്രതിക്ഷേധം ശക്തമായതോടെ അടുത്ത ദിവസംതന്നെ ലൈറ്റിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുളക്കുളം പഞ്ചായത്തംഗം ജോയി നടുവിലേടം പറഞ്ഞു.