വൈക്കം റോഡ് റെയില്‍വേ സ്റ്റേഷൻ : വികസനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
1466540
Monday, November 4, 2024 7:30 AM IST
കടുത്തുരുത്തി: ഇനിയെങ്കിലും വൈക്കം റോഡില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് കിട്ടുമോ? വികസനത്തിന്റെ സിഗ്നലും കാത്തുള്ള വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്റെ കാത്തിരിപ്പ് നീളുകയാണ്. കേരളത്തിലെ പഴക്കംചെന്നതും പ്രധാനപ്പെട്ടതുമായ എറണാകുളം - കോട്ടയം - കായംകുളം പാതയിലെ മൂന്ന് പ്ലാറ്റ്ഫോമുകളും നാലു ട്രാക്കുകളോടും കൂടിയ പ്രധാന സ്റ്റേഷനാണ് വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷന്.
സ്റ്റേഷന് തുടങ്ങുമ്പോള്‍ ഒട്ടേറെ പദ്ധതികളും മുന്നില്‍ കണ്ടിരുന്നു. പക്ഷേ പദ്ധതികളെല്ലാം പലവഴിക്കു പോയി. വൈക്കം റോഡിന് ഒന്നും കിട്ടിയതുമില്ല. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനും യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
68 വര്‍ഷങ്ങള്‍ക്കു മുമ്പ് 1956-ല്‍ മീറ്റര്‍ഗേജ് പാതയായി എറണാകുളം - കോട്ടയം - കായംകുളം പാത നിലവില്‍ വന്നപ്പോള്‍ ആരംഭിച്ചതാണ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്. ഏറ്റുമാനൂര്‍ - വൈക്കം - എറണാകുളം സംസ്ഥാന പാതയ്ക്കു സമീപമായി ആപ്പാഞ്ചിറയിലാണ് സ്റ്റേഷന്.
ഒരു പ്ലാറ്റ്ഫോം മാത്രമുണ്ടായിരുന്ന വൈക്കം റോഡ് സ്റ്റേഷന് ഇന്നു ജില്ലയിലെ തന്നെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ്. എന്നാല്‍, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ ഇല്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രതിസന്ധി. ഭൗതിക, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വളരെയുണ്ട്.
തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എകസ്പ്രസ് നിര്‍ത്തുന്ന സ്റ്റേഷനാണ് വൈക്കം റോഡ്. കേരളയും പാലരുവിയും മധുര - ഗുരുവായൂര്‍ ഇന്റര്സിറ്റിയുമല്ലാതെ മറ്റ് ഒരു എക്സ്പ്രസ് ട്രെയിനും വൈക്കത്ത് സ്റ്റോപ്പില്ല.
കേരളത്തിന് അകത്തുകൂടി മാത്രം സര്‍വീസ് നടത്തുന്ന വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ലൂപ് ലൈനില്‍ (മെയിന്‍ ലൈനില്‍ നിന്നും മാറി) നിരവധി സ്റ്റോപ്പുകള്‍ വിവിധ സ്റ്റേഷനുകളിലുണ്ട്.
എന്നാല്‍, മെയിന്‍ ലൈനില്‍ ഐലന്‍ഡ് പ്ലാറ്റ്ഫോമുകളോടുകൂടിയ വൈക്കത്ത് സ്റ്റോപ്പില്ല. വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചാല്‍ അത് വൈക്കം, കടുത്തുരുത്തി, പാലാ നിയോജകമണ്ഡലങ്ങളിലെ ആയിരങ്ങള്‍ക്കു പ്രയോജനപ്രദമായിരിക്കും.