വയനാടിന് കേന്ദ്രസഹായം ഉടൻ നൽകണം: സിപിഎം വാഴൂർ ഏരിയ സമ്മേളനം
1466474
Monday, November 4, 2024 6:08 AM IST
പൊൻകുന്നം: കേന്ദ്രസർക്കാർ പ്രകൃതിക്ഷോഭത്തിൽപ്പോലും രാഷ്ട്രീയ വിവേചനം കാണിക്കുകയാണെന്ന് സിപിഎം വാഴൂർ ഏരിയാ സമ്മേളനം. സംസ്ഥാന സർക്കാരിന് അർഹിക്കുന്ന അനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ഉടനടി തിരുത്തണമെന്നും വയനാട് ദുരിതബാധിതർക്കു വേണ്ട സഹായം നൽകണമെന്നും 46 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയെ നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സിപിഎം വാഴൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ടയർ കമ്പനി - റബർ ബോർഡ്-കേന്ദ്രസർക്കാർ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണം. സ്വാഭാവിക റബറിന് കുറഞ്ഞത് 250 രൂപ തറവില ഏർപ്പെടുത്തണം. കോട്ടയം - കുമളി ദേശീയപാത ആധുനിക നിലവാരത്തിൽ നിർമിക്കാൻ ദേശീയപാത അധികൃതർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറിയായി വീണ്ടും വി.ജി. ലാലിനെ തെരഞ്ഞെടുത്തു. 18 അംഗ ഏരിയകമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ, കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ്. നായർ എന്നിവർ പ്രസംഗിച്ചു.