മിശിഹായെ കാട്ടിക്കൊടുക്കുന്ന മിഷനറിമാരായി ക്രൈസ്തവര്‍ മാറണം: മാര്‍ റാഫേല്‍ തട്ടില്‍
1466548
Monday, November 4, 2024 7:43 AM IST
തൃക്കൊടിത്താനം: കുടുംബങ്ങളെ ശക്തീകരിക്കുന്ന അജപാലന ശുശ്രൂഷയിലൂടെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജീവിതത്തിലെ എല്ലാ രംഗങ്ങളിലും മിശിഹായെ കാട്ടിക്കൊടുക്കുന്ന മിഷനറിമാരായി ക്രൈസ്തവര്‍ മാറണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. തൃക്കൊടിത്താനം ഫൊറോന ദേവാലയത്തിലെ ഇടവക ദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. ഐക്യത്തിന്റെ ശുശ്രൂഷയില്‍ ഒറ്റക്കെട്ടായിനിന്ന് സഹനങ്ങള്‍ ശിരസാവഹിച്ച് സ്നേഹത്തിലൂടെ ക്രൈസ്തവ ജീവിതം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷമായ വിശുദ്ധകുര്ബാനയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഭവന രഹിതര്‍ക്കായി ഇടവക നിര്‍മിച്ചു നല്കിയ നാലു ഭവനങ്ങളുടെ താക്കോലുകളുടെ വെഞ്ചരിപ്പും മേജര്‍ ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
തൃക്കൊടിത്താനം ഫൊറോന വികാരിയും ചങ്ങനാശേരി അതിരൂപത മുഖ്യ വികാരിജനറാളുമായ മോണ്‍. ആന്റണി എത്തക്കാട് അധ്യക്ഷത വഹിച്ചു. ഇടവകയില്‍ മൂന്നില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെയും തൊണ്ണൂറുവയസിന് മുകളില്‍ ഉള്ളവരേയും വിവാഹത്തിന്റെ രജത, സുവര്‍ണജൂബിലി ആഘോഷിക്കുവരെയും വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവരെയും മേജര്‍ ആര്‍ച്ച്ബിഷപ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
മലപ്പുറം സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാ. സാവിയോ മാനാട്ട്, ഫാ. ജോണ്സണ് മുണ്ടുവേലില്, ഫാ. ലൂക്കാച്ചന് വെട്ടുവേലിക്കളം, സിസ്റ്റര്‍ അര്‍പ്പിത സിഎംസി, സിസ്റ്റര്‍ ബിന്‍സി ജോസഫ് എസ്ഡിപി, കൈക്കാരന് ജോസഫ് ജോബ് പുളിമൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ സിബിച്ചന് തോപ്പില്‍, അഡ്വ. റോയി തോമസ്, ഷിനു ജോസ് മാറാട്ടുകളം എന്നിവര്‍ പ്രസംഗിച്ചു.
കുന്നുംപുറം ജംഗ്ഷനില്‍നിന്നു പാരമ്പര്യവസ്ത്രങ്ങള്‍ അണിഞ്ഞ ഇടവകാംഗങ്ങളും മാലാഖമാരായിനിന്ന കുട്ടികളും പേപ്പല്‍ പതാകകള്‍ വീശിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ദേവാലയത്തിലേക്ക് ആനയിച്ചത്.