ശബരിമല തീർഥാടനകാലം പടിവാതിൽക്കൽ; ജനറൽ ആശുപത്രി കാത്ത് ലാബിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ
1466706
Tuesday, November 5, 2024 7:12 AM IST
കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനകാലം പടിവാതിൽക്കൽ നിൽക്കെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു ഡോക്ടർമാരും സ്ഥാനക്കയറ്റം ലഭിച്ചുപോയതോടെയാണ് കാത്ത് ലാബിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്നത്.
മണ്ഡല മകരവിളക്ക് തീർഥാടനകാലമാരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ജനറൽ ആശുപത്രിയിൽ കാത്ത് ലാബിന്റെ ചുമതല വഹിച്ചിരുന്ന രണ്ടു ഡോക്ടർമാരെ സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണു സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. കൺസൾട്ടന്റായിരുന്ന ഡോ. ബിജുമോനെ സീനിയർ കൺസൾട്ടന്റായും ജൂണിയർ കൺസൾട്ടന്റായിരുന്ന പ്രസാദ് കെ. മാണിയെ കൺസൾട്ടന്റായുമാണ് സ്ഥാനക്കയറ്റം നൽകി സ്ഥലം മാറ്റിയത്. കാത്ത് ലാബിൽ കാർഡിയോളജി തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ പ്രസാദ് കെ. മാണി നിലവിൽ ഫിസിഷന്റെ തസ്തികയിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ബിജുമോൻ വർക്കിംഗ് അറേഞ്ച് മെന്റിലാണ് ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്നത്.
ഇരുവരും സ്ഥാനക്കയറ്റം ലഭിച്ചു പോയതോടെ ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ഡോക്ടർമാരില്ലാത്തതിനാൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം മുടങ്ങിയ നിലയിലാണ്. അടിയന്തര ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ പോലും ഇന്നലെ മുതൽ മറ്റ് ആശുപത്രികളിലേക്കാണ് അയയ്ക്കുന്നത്. ഇതുമൂലം ആരോഗ്യ ഇൻഷുറൻസ് ഉള്ളവർ പോലും വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.