കുമരകം സ്വദേശിനിയുടെ കാരുണ്യം; അയ്മനം എഫ്എച്ച്സി സബ് സെന്റർ പുതിയ കെട്ടിടത്തിലേക്ക്
1466531
Monday, November 4, 2024 7:30 AM IST
കരീമഠം: ആരോഗ്യപരിപാലനരംഗത്ത് പുത്തൻപ്രതീക്ഷയുമായി അയ്മനം എഫ്എച്ച്സി സബ്സെന്റർ കരീമഠത്തിൽ നിർമാണം പൂർത്തിയായി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച തുക ഉപയോഗിച്ച് കുമരകം സ്വദേശിനി സംഭാവന നൽകിയ സ്ഥലത്താണ് സെന്റർ നിർമാണം പൂർത്തിയായത്. കെട്ടിട നിർമാണ ജോലികൾ നിർമിതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പൂർത്തീകരിച്ചത്.
പഞ്ചായത്തംഗമായിരുന്ന എം.കെ. ഗോപിയുടെയും കരീമഠം പൗരസമിതി പ്രവർത്തകരുടെയും ഇടപെടലിൽ 2002ൽ കുമരകം സ്വദേശിയായ കുഞ്ഞമ്മ ജോൺ, വലിയ പറമ്പിലാണ് സബ്സെന്റർ നിർമിച്ചസ്ഥലം പഞ്ചായത്തിനു സൗജന്യമായി വിട്ടുനൽകിയത്.
2018ലാണ് എൻഎച്ച്എം സബ് സെന്ററിന് 55 ലക്ഷം രൂപ അനുവദിച്ചതെങ്കിലും നിർമാണം ആരംഭിച്ചത് 2023ലാണ്. കരീമഠം ഗവൺമെന്റ് വെൽഫെയർ സ്കൂൾ, ആയുർവേദ ആശുപത്രി, ഇപ്പോൾ നിർമാണം പൂർത്തിയായിരിക്കുന്ന സബ്സെന്റർ, രണ്ട് അങ്കണവാടികൾ ഉൾപ്പെടെ അഞ്ച് സർക്കാർ സ്ഥാപനങ്ങളാണ് കരീമഠത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ ആയുർവേദ ആശുപത്രിക്കും അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം ഇല്ലാത്ത അവസ്ഥയാണുള്ളത്.
ഇവ നിർമിക്കുന്നതിനു സ്ഥലം സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകാൻ സുമനസുകൾ തയാറായാൽ ആയുർവേദ ആശുപത്രിയും അങ്കണവാടികളും നിർമിക്കുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കുമെന്ന് വാർഡ് മെംബറും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ മനോജ് കരീമഠം പറഞ്ഞു.
നിർമാണം നടന്നുകൊണ്ടിരിക്കുന്ന കൊല്ലത്തുകരി-കരീമഠം സ്കൂൾ-കോലടിച്ചിറ റോഡ് പൂർത്തിയായശേഷം സബ് സെന്റർ ഉദ്ഘാടനം നടത്തുമെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.