നാലുമണിക്കാറ്റിന് ഹരിതവിനോദ സഞ്ചാര കേന്ദ്രമായി അംഗീകാരം
1466787
Tuesday, November 5, 2024 8:17 AM IST
മണര്‍കാട്: പരിസ്ഥിതി സംരക്ഷണം, ശുചിത്വം, എന്നിവയ്ക്ക് പേരു കേട്ട നാലുമണിക്കാറ്റ് ഗ്രാമീണ വഴിയോര വിനോദ സഞ്ചാര കേന്ദ്രത്തിനു ഹരിത വിനോദ സഞ്ചാര കേന്ദ്രം പദവി ലഭിച്ചു. നവകേരള മിഷനാണ്, ഇരുപതോളം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, സംസ്ഥാന തലത്തില്‍ അറുപതിലധികം കേന്ദ്രങ്ങള്‍ക്കാണ് ഈ പദവി നല്‍കിയത്. നവംബര്‍ ഒന്നിന് സംസ്ഥാനതല പ്രഖ്യാപനം നടന്നിരുന്നു.
അംഗീകാരം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മണര്‍കാട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.സി. ബിജു, നാലുമണിക്കാറ്റിന്റെ സംഘാടകരായ എംഇബി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ട്രഷറര്‍ കെ.കെ. മാത്യു കോലത്ത് എന്നിവര്‍ക്ക് കൈമാറി. അറവുശാലാ മാലിന്യങ്ങള്‍ ഉള്‍പ്പടെ നിക്ഷേപിച്ചിരുന്ന വഴിയോരം ശുചിത്വ മാതൃകയായി, ജനകീയ പരിശ്രമത്തിലൂടെ രൂപപ്പെടുത്തിയത് ലോകത്തിനുതന്നെ മാതൃകയാണെന്ന് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു.
നാടന്‍ ഭക്ഷണം, കലാ-സാംസ്കാരിക പൈതൃകം എന്നിവയുടെ സംരക്ഷണമാണ് നാലുമണിക്കാറ്റ് ലക്ഷ്യം വയ്ക്കുന്നത്. ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് പദ്ധതി താമസിയാതെ നാലുമണിക്കാറ്റില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. ബിനോയ്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍സ് സി.എ. ഷംമ്ല, ഷെഫി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലയില്‍ ഇല്ലിക്കല്‍കല്ല്, മാംഗോ മെഡോസ് എന്നീ കേന്ദ്രങ്ങള്‍ക്കും ഹരിത വിനോദ സഞ്ചാര കേന്ദ്ര പദവി ലഭിച്ചു.