എരുമേലിയില്‍ ഒരുക്കങ്ങളായില്ല
1466468
Monday, November 4, 2024 5:57 AM IST
എരുമേലി: സ്വാമി ശരണം വിളികളുമായി പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ എരുമേലിയിലേക്കെത്താന് ഇനി 17 ദിനരാത്രങ്ങള്‍ മാത്രം. അടുത്ത മാസം16ന് തീര്‍ഥാടന കാലം തുടങ്ങുമെന്നിരിക്കെ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും ക്രമീകരണങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡില്‍ കട മുറികളും കുത്തക വ്യാപാരങ്ങളും ലേലം ചെയ്തതും ക്ഷേത്രത്തില്‍ പെയിന്റിംഗ് ജോലികള്‍ പൂര്‍ത്തിയാകാറായതും ഒഴികെ ഒരുക്കങ്ങള്‍ ആയിട്ടില്ല.
തീര്‍ഥാടന പാതകളില്‍ അപകടനിരക്ക് കുറയ്ക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചില്ല. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലെ തകര്‍ന്ന റോഡിലെ കുഴികളില്‍ മെറ്റല്‍ പാകിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ടാര്‍ ചെയ്യാന്‍ നടപടികളായിട്ടില്ല. സീബ്ര വരകള്‍, സെന്റര്‍ ലൈന്‍ വരകള്‍, റിഫ്ളക്ടറുകള്‍, അപകട സാധ്യതാ അറിയിപ്പ് ബോര്‍ഡുകള്‍ , ദിശാ ബോര്‍ഡുകള്‍ തുടങ്ങിയവയൊന്നും സ്ഥാപിച്ചിട്ടില്ല.
പഴയ ബോര്‍ഡുകളും ലൈനുകളും മിക്കയിടത്തും ചെളിയും അഴുക്കും മൂലം മറഞ്ഞ നിലയിലാണ്. പ്രധാന ശബരിമല പാതകളുടെ നവീകരണം, കുഴികള്‍ നികത്തല്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, സിഗ്നല്‍ ലൈറ്റുകള്‍, റോഡുകളുടെ വശങ്ങളിലെ കാടുകള്‍ നീക്കല്‍, വഴിവിളക്കുകള്‍, നദികളിലും കടവുകളിലും സുരക്ഷാ മുന്‍കരുതല്‍ എന്നിവയിലേക്കൊന്നും നടപടികള്‍ തുടങ്ങിയിട്ടില്ല.
കഴിഞ്ഞയിടെ കനത്ത മഴയില്‍ ശബരിമല പാതയും എരുമേലി, മുക്കൂട്ടുതറ ടൗണുകളും തോടായി മാറുന്ന കാഴ്ചയായിരുന്നു. ഒരിടത്തും ഓട തെളിക്കല്‍ നടത്തിയിട്ടില്ല. സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്ന എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കല്‍ ഓടകള്‍ അടഞ്ഞ നിലയിലാണ്.
ടൗണിലും പരിസരങ്ങളിലുമായി പോലീസിന്റെ 56 നിരീക്ഷണ കാമറകളില്‍ മിക്കതും ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്തതിനാലും വൈദ്യുതി പോസ്റ്റുകള്‍ക്ക് വാടക മുടങ്ങിയതിനാലും പ്രവര്‍ത്തിക്കുന്നില്ല. കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇനിയും ഫണ്ട് ലഭ്യമായിട്ടില്ല.
പേട്ടതുള്ളലിന് ഭക്തര്‍ ഉപയോഗിക്കുന്ന പാഴ് വസ്തുക്കളില്‍ നിര്‍മിക്കുന്ന സാധനങ്ങളായ കത്തി, ഗദ, വാള്, ശരക്കോല്, കച്ച തുടങ്ങിയവയുടെ വില ഏകീകരിക്കുമെന്ന് അവലോകന യോഗത്തില്‍ പ്രഖ്യാപിച്ചതാണ്. ഇത് സംബന്ധിച്ച് ഒരു നടപടികളും ഇനിയും ആരംഭിച്ചിട്ടില്ല.