നെല്‍കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി : കൊയ്ത്ത് മെഷീന് വാടക വര്‍ധിപ്പിക്കാന്‍ നീക്കം
1466464
Monday, November 4, 2024 5:57 AM IST
മെഷീന് പാടത്തിറക്കാതെ ഏജന്റുമാരുടെ സമ്മര്‍ദതന്ത്രം
കോട്ടയം: ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി അപ്പര്‍കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിരിപ്പുകൃഷിയുടെ രണ്ടാംഘട്ട കൊയ്ത്ത് നടക്കാനുള്ള പാടശേഖരത്തില്‍ കൊയ്ത്ത് യന്ത്രത്തിന്റെ വാടക വര്‍ധിപ്പിക്കാന്‍ നീക്കം. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ മെഷീന് ഇറക്കിയ വാടകയ്ക്കു ഇനി മെഷീനുകള്‍ ഇറക്കാനാവില്ലെന്നാണ് ഏജന്റുമാര്‍ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ അധികമായി ചോദിക്കുന്നത് 500 രൂപയാണ്.
സാധാരണയായി കൊയ്ത്ത് ആംഭിക്കുന്നതിനു മുന്നോടിയായി അതാത് ജില്ലാ കളക്ടര്‍മാര്‍ മുന്‍കൈയെടുത്ത് കര്‍ഷകര്‍, പാടശേഖര സമിതിക്കാര്‍, ജില്ലാ കൃഷിവകുപ്പ് അധികൃതര്‍, കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്താണ് കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചിയിച്ചിരുന്നത്.
പലപ്പോഴും ജില്ലാ കളക്ടര്‍മാര്‍ സ്ഥലം മാറി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട കൃഷിവകുപ്പ് അധികൃതരാണ് ഇക്കാര്യം കളക്ടര്‍മാരെ അറിയിക്കുന്നതും യോഗം വിളിച്ചു ചേര്ക്കുന്നതിനാവശ്യമായി നടപടികള്‍ സ്വീകരിക്കുന്നതും. ഈ യോഗത്തിലാണ് മെഷീന് വാടക സംബന്ധിച്ചു ഏജന്റുമാരും പാടശേഖര സമിതിയും ചേര്‍ന്നു കരാര്‍ ഉണ്ടാക്കുന്നത്.
എന്നാല്‍ ഇത്തവണ ജില്ലയിലെ കൃഷി വകുപ്പ് അധികൃതരുടെ അലംഭാവംമൂലം യോഗം ചേരുകയോ യന്ത്രവാടക നിശ്ചയിക്കുകയോ ചെയ്തില്ല. ഇതാണ് ഇപ്പോള്‍ നെല്‍ക്കര്‍ഷകര്‍ക്കു തിരിച്ചടിയായി മാറിയത്. ഇത്തവണ കൊയ്ത്ത് മെഷീന് വാഹനങ്ങള്‍ എത്തുന്ന സ്ഥലത്തുള്ള പ്രദേശത്തെ പാടശേഖരങ്ങളില്‍ ഇറക്കിയതു മണിക്കൂറിനു 1900 രൂപയ്ക്കും ഉള്‍പ്രദേശങ്ങളില്‍ വാടക 2000 രൂപയുമാണ് ധാരണയായിരുന്നത്.
വിരിപ്പുകൃഷിയുടെ കൊയ്ത്ത് നടത്തിയെടുക്കണമെന്ന ആഗ്രഹം മാത്രമുള്ള കര്‍ഷകര്‍ മെഷീന് വാടക യോഗം ചേര്‍ന്നു നിശ്ചയിക്കണമെന്ന് നിര്‍ബന്ധിക്കാനും താല്പര്യപ്പെട്ടിട്ടില്ല. ഇതോടെയാണ് ഏജന്റുമാര്‍ തനിനിറം പുറത്തുകാട്ടിത്തുടങ്ങിയത്.
കൊയ്ത്ത് അടുത്ത ഘട്ടത്തിലേക്കു കടന്നതോടെ മെഷീന് വാടക 2500 രൂപയാക്കണമെന്ന് ഏജന്റുമാര്‍ നിര്‍ബന്ധം പിടിക്കുകയാണ്. ഇപ്പോള്‍ യന്ത്രം ആവശ്യപ്പെടുന്ന കര്‍ഷകരോട് മെഷീന് ലഭിക്കാനില്ലെന്നാണ് ഏജന്റുമാര്‍ പറയുന്നത്. വാടക 2500 രൂപ നല്കിയാല് മെഷീന് തമിഴ്നാട്ടില്‍ നിന്നും എത്തിക്കാമെന്ന് വാഗ്ദാനവും നല്‍കും. കഴിഞ്ഞ വര്‍ഷം മെഷീന് വാടക 1850 രൂപയായിരുന്നു.
സ്മാം പദ്ധതിയും പാഴായി
കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് സ്മാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 80 ശതമാനം സബ്സിഡി ആനുകൂല്യങ്ങള്‍ നല്കി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കൊയ്ത്തു മെഷീന് ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ സബ്സിഡി വാങ്ങി ഏറ്റവും കൂടുതല്‍ അനുവദിക്കപ്പെട്ടതു കൊയ്ത്ത് മെഷീനുകളായിരുന്നു.
എന്നിട്ടും ഇവിടെ മെഷീനുകളില്ലാത്ത സ്ഥിതിയാണ്. എന്നാല്‍ ഇത്തരത്തില്‍ ഭൂരിഭാഗം മെഷീനുകളും വാങ്ങിക്കൂട്ടിയതു ഏജന്റുമാരാണെന്നും ആരോപണം ശക്തമാണ്. സൊസൈറ്റികള്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ മെഷീനുകള്‍ ഏജന്റുമാരില്‍ നിന്നും പണം വാങ്ങി അവര്‍ക്കു നല്‍കിയതായും കര്‍ഷകര്‍ പരാതിപ്പെടുന്നു.
കൃഷി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഏജന്റുമാര്‍ ഇത്തരത്തില്‍ മെഷീനുകള്‍ കൈക്കലാക്കിയതെന്നും ആരോപണമുണ്ട്.
കൈക്കലാക്കിയ പുതിയ മെഷീനുകള്‍ ഏജന്റുമാര്‍ തമിഴ്നാട്ടില്‍ എത്തിച്ചിരിക്കുകാണ്. പകരം പഴക്കം ചെന്ന മെഷീനുകളാണ് സംസ്ഥാനത്തേക്കു കൊയ്ത്തിനായി കൊണ്ടുവരുന്നത്. കൃഷി വകുപ്പില്‍ നിന്നും കാലപ്പഴക്കം ചെന്ന കൊയ്ത്തു മെഷീനുകള്‍ ലേലം ചെയ്തപ്പോള്‍ വാങ്ങിയതും ഏജന്റുമാരാണ്.
പ്രതികരണം...
കൊയ്ത്ത് മെഷീന്റെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഏജന്റുമാര്‍ ശ്രമിക്കുന്നത് അടുത്ത പുഞ്ചകൃഷി ലക്ഷ്യമാക്കിയാണെന്നും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നടത്തുന്ന ശ്രമം സര്‍ക്കാര്‍ ഇടപെട്ട് തടയാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ്.
നെല്‍ കര്‍ഷകരുടെ പ്രശ്നത്തിലും ഏജന്റുമാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി തടയുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എബി ഐപ്പ് ആവശ്യപ്പെട്ടു.