കുടിശിക വരുത്തിയ വാട്ടർ കണക്ഷൻ വിച്ഛേദിക്കും
1466249
Sunday, November 3, 2024 7:29 AM IST
വൈക്കം: കേരള വാട്ടർ അഥോറിറ്റി വൈക്കം സെക്ഷൻ പരിധിയിൽ വരുന്ന തലയാഴം, വെച്ചൂർ, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ചെമ്പ്, വൈക്കം എന്നിവിടങ്ങളിൽ കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ വാട്ടർ കണക്ഷനുകൾ ഉടൻ വിച്ഛേദിക്കുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു. വാട്ടർ ചാർജ് കുടിശിക വരുത്തിയ ഉപഭോക്താക്കൾ എത്രയും വേഗം കുടിശിക അടച്ചു തീർക്കണം.
കൂടിയ തുക കുടിശികയുള്ള ഉപഭോക്താക്കൾക്ക് ഒറ്റത്തവണ അടക്കാൻ സാധിക്കാതെ വന്നാൽ ബന്ധപ്പെട്ട ഓഫീസിൽ തവണകളായി അടക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേടായ മീറ്റർ ഉപയോഗിച്ച് കുടിവെള്ളം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ മീറ്റർ സ്ഥാപിക്കണം. അല്ലാത്തപക്ഷം വാട്ടർ കണക്ഷൻ വിച്ഛേദിക്കും.
കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട രേഖകളില്ലാത്ത ഉപഭോക്താക്കൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് കണക്ഷൻ നിയമാനുസൃതമാക്കണം. സർക്കാർ സ്ഥാപനങ്ങളായ സ്കൂൾ, അങ്കണവാടി, ഹോസ്പിറ്റൽ തുടങ്ങിയവർ വരുത്തിയിട്ടുള്ള കുടിശിക അടയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. വാട്ടർ ചാർജ് അറിയിപ്പ് ലഭിക്കാത്ത ഉപഭോക്താക്കൾ ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക തീർക്കണം.
വാട്ടർ ചാർജ് ഓഫീസിൽ നേരിട്ടും അക്ഷയ സെന്റർവഴി ഓൺലൈനായും യുപിഐ ആപ്പുകൾ വഴിയും അടയ്ക്കാവുന്നതാണ്. നിയമാനുസൃതമല്ലാതെ പൈപ്പിൽ മോട്ടോർ ഘടിപ്പിച്ച് വെള്ളമെടുക്കുന്നതും അനധികൃതമായി എടുക്കുന്ന മറ്റു കണക്ഷനുകളും കണ്ടുപിടിക്കപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
ഇത്തരത്തിലുള്ള ജലമോഷണങ്ങൾ, ലീക്കുകൾ എന്നിവ 04829 231204 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും അസിസ്റ്റന്റ് എൻജിനിയർ പി. ഷാജിമോൻ അറിയിച്ചു.