കാറ്റിൽ വീടിന്റെ മേൽക്കൂരയുടെ ഭാഗം പറന്നുപോയി
1466229
Sunday, November 3, 2024 7:19 AM IST
ഏറ്റുമാനൂർ: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയുടെ ഭാഗം പറന്നുപോയി. നീണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് കുറുമുള്ളൂർ പാറേപ്പള്ളി ഭാഗത്ത് കുമാരമംഗലം വീട്ടിൽ ജയ്മോന്റെ വീടിന്റെ മേൽക്കൂരയിലെ റൂഫിംഗ് ഷീറ്റാണ് ഫ്രെയിം ഉൾപ്പെടെ പറന്നു നിലംപതിച്ചത്. മേൽക്കൂരയിലെ ഓടുകളും ഇളകി വീണു. വീടിനു കേടുപാടുകൾ സംഭവിച്ചു. വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു സംഭവം.
റൂഫിംഗ് ഷീറ്റ് ഫ്രെയിം ഉൾപ്പെടെ താഴേക്ക് പതിക്കുമ്പോൾ ജയ്മോനും ഭാര്യ ഷെറിൻ, മക്കളായ അഷ്ബിൻ, അലൻ എന്നിവരും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ ഹാളിൽ ഇരിക്കുമ്പോഴാണ് മേൽക്കൂരയിലെ ഓട് ഹാളിലേക്ക് വീണത്.
തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. മഴപെയ്ത് വീടിനുള്ളിൽ വെള്ളം കയറി. റൂഫിംഗ് ഷീറ്റ് പറന്നുപോയ ഭാഗത്ത് താത്കാലികമായി പടുത വലിച്ചുകെട്ടിയിരിക്കുകയാണ്. വീടിന്റെ മുൻവശത്തുതന്നെയാണ് റൂഫിംഗ് ഷീറ്റ് വന്നു പതിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം.