ഏറ്റുമാനൂരിൽ ശബരി എക്സ്പ്രസിനും വഞ്ചിനാടിനും സ്റ്റോപ്പ് വേണം: നിവേദനം നൽകി
1466228
Sunday, November 3, 2024 7:19 AM IST
ഏറ്റുമാനൂർ: തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസിനും ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ശബരി എക്സ്പ്രസിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് കേന്ദ്രമന്ത്രി ജോർജ് കുര്യനു നിവേദനം നൽകി.
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് തടസമായ പിറ്റ് ലൈന്റെ അഭാവം പരിഹരിക്കുക, മലബാർ മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് മംഗലാപുരത്തുനിന്ന് കോട്ടയത്തേക്ക് നമോ ഭാരത് സർവീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
ഏറ്റുമാനൂർ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ജോർജ് കുര്യൻ ഉറപ്പുനൽകി.
മുൻ റെയിൽവേ പാസഞ്ചർ സർവീസസ് കമ്മിറ്റിയംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഫ്രണ്ട്സ് ഓൺ റെയിൽസ് കോട്ടയം സെക്രട്ടറി ശ്രീജിത്ത് കുമാർ, യദു കൃഷ്ണൻ, ലെനിൻ കൈലാസ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.