മെഡിക്കൽ കോളജിൽ മോഷണം നിത്യസംഭവമാകുന്നു
1466227
Sunday, November 3, 2024 7:19 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വാർഡുകളിൽ മോഷണം നിത്യസംഭവമാകുന്നു. ഇതിനെതിരേ ആശുപത്രി അധികൃതർക്ക് പരാതി നൽകിയാലും യാതൊരു പ്രതികരണവുമില്ലെന്നു പരാതിക്കാർ പറയുന്നു.
ഇന്നലെ ആശുപത്രിയിലെ ആറാം വാർഡിൽനിന്നു കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടമായി. അധികൃതർക്ക് പരാതി നൽകിയെങ്കിലും കാര്യമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നു പറയപ്പെടുന്നു.
സ്വർണവും പണവുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് ഇവിടെ നിത്യസംഭവമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിൽ രോഗീ സന്ദർശനമെന്ന നാട്യത്തിൽ കയറുന്ന ചില സംഘങ്ങളാണ് മോഷണത്തിനു പിന്നിലെന്നാണ് ആരോപണം.
ആശുപത്രി വാർഡുകളിൽ പാസില്ലാതെ പ്രവേശിക്കാൻ അനുവദിക്കുന്ന സമയത്താണ് ഇക്കൂട്ടർ ഉള്ളിൽ കയറുന്നത്. തുടർന്ന് വാർഡുകളിൽ കറങ്ങി നടന്നശേഷം തക്കം കിട്ടുമ്പോൾ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
ദിവസേന അഞ്ച് മോഷണക്കേസുകളെങ്കിലും ആശുപത്രിക്കുള്ളിൽ നടക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കൂട്ടിരിപ്പുകാർക്കു വിഷയത്തിൽ പരാതി നൽകാൻ പോലും കഴിയാറില്ല.