മഴയിലും ഗതാഗതക്കുരുക്കിലും ശ്വാസംമുട്ടി കാഞ്ഞിരപ്പള്ളി
1466018
Sunday, November 3, 2024 4:39 AM IST
കാഞ്ഞിരപ്പള്ളി: മഴയും ഗതാഗതക്കുരുക്കും ഒരുമിച്ചെത്തിയതോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ കുരുക്കിൽപ്പെട്ടതു മണിക്കൂറോളം. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്കിനൊപ്പം 11.30ഓടെ മഴയും എത്തിയതോടെ കാഞ്ഞിരപ്പള്ളിയിലെത്തിയവർ മണിക്കൂറുകളോളമാണ് കുരുക്കിൽപ്പെട്ടത്.
പഞ്ചായത്തുവളവു മുതൽ ഇരുപത്താറാംമൈൽ ജംഗ്ഷൻവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. കുരിശുങ്കല്‍ ജംഗ്ഷൻ, പുത്തനങ്ങാടി റോഡ്, ബസ് സ്റ്റാന്‍ഡ് ജംഗ്ഷൻ, പേട്ടക്കവല എന്നിവിടങ്ങളിലാണു ഗതാഗതക്കുരുക്ക് ഉണ്ടായത്. പോലീസും പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ ഈ കുരുക്കിലൂടെയാണു കടന്നുപോകുന്നതെങ്കിലും കുരുക്കഴിക്കാനുള്ള നടപടികൾ ആരും സ്വീകരിച്ചില്ല. ജനറൽ ആശുപത്രിയിലെയടക്കം നിരവധി ആബുംലൻസുകളാണ് കുരുക്കിൽപ്പെട്ടത്. ഹോം ഗാര്‍ഡുകളും താത്കാലികമായി നിയമിച്ചിട്ടുള്ള പോലീസും പാടുപെട്ടാണ് കുരുക്കഴിക്കുന്നത്.
ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനു പ്രധാന കാരണം. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ ടൗണിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ദേശീയപാതയിലെ രണ്ടുവരി ഗതാഗതംപോലും കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനു പുറമേ ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങിക്കയറുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ദേശീയപാത 183ൽ പേട്ടക്കവല മുതൽ കുരിശുങ്കൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തു വലതുവശത്തു മാത്രമാണ് പാർക്കിംഗിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ, നിയമങ്ങൾ പാലിക്കാതെ ടൗണിലെത്തുന്നവർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യും. നടപ്പാത കൈയേറിയ അനധികൃത പാർക്കിംഗ് വഴിയാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. നടപ്പാത വിട്ടു റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ് കാൽനടയാത്രക്കാർ.