ശബരിമല തീർഥാടനം: സേവനത്തിന് 500 പോലീസുകാർ; മുൻപരിചയം നിർബന്ധമാക്കിയെന്ന് എസ്പി
1466017
Sunday, November 3, 2024 4:39 AM IST
എരുമേലി: ഇത്തവണ ശബരിമല തീർഥാടന കാലത്ത് ആദ്യ ഘട്ടത്തിൽ എരുമേലിയിൽ 500 പോലീസുകാർ സേവനത്തിനുണ്ടാകുമെന്നും മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെ മാത്രം പ്രധാന സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. ഇന്നലെ എരുമേലി പോലീസ് സ്റ്റേഷനിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന തീർഥാടന മുന്നൊരുക്ക യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ 11 ഇടത്താവളങ്ങളിലും പോലീസ് സേവനം ത്വരിതപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ സീസണിൽ ജില്ലയിലുടനീളം സംഭവിച്ച ഗതാഗതക്കുരുക്ക് ഇത്തവണ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് ഡ്യൂട്ടിയിൽ മികവുള്ളവരെയും സ്ഥല പരിചയമുള്ളവരെയുമാണ് ഡ്യൂട്ടിക്കു നിയോഗിക്കുകയെന്ന് വ്യക്തമാക്കി. സ്ഥലപരിചയമില്ലാത്ത ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണത്തിന് കഴിഞ്ഞ വർഷം നിയോഗിച്ചത് സംബന്ധിച്ച് ഏറെ പരാതികൾ ഉയർന്നിരുന്നു.
പൊൻകുന്നം കെവിഎംഎസ് ജംഗ്ഷൻ, ഇരുപത്താറാംമൈൽ, എരുമേലി വാഴക്കാല, എംഇഎസ് ജംഗ്ഷൻ, പ്രപ്പോസ്, കണ്ണിമല എന്നിവിടങ്ങളിൽ സ്ഥലപരിചയമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്ന് എസ്പി അറിയിച്ചു.
പാർക്കിംഗ് മൈതാനങ്ങൾ, കടവുകൾ എന്നിവിടങ്ങളിൽ മഫ്തിയിൽ പോലീസിനെ നിയമിക്കും. ജോലിയുടെ പ്രാധാന്യം അനുസരിച്ച് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിൽ നിയമിക്കും. സ്ഥിരം അപകടമേഖലയിൽ പോലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകും. കോൺവേ അടിസ്ഥാനത്തിൽ മാത്രമേ കണമല ഇറക്കത്തിൽ വാഹനങ്ങൾ കടത്തിവിടൂ.
ഡ്രൈവർമാർക്ക് വിശ്രമം, കാപ്പി എന്നിവയ്ക്ക് കണമലയിൽ സംവിധാനം ഏർപ്പെടുത്തും. തിരക്കേറുമ്പോൾ മറ്റ് ഇടത്താവളങ്ങൾ, സ്കൂൾ, കോളജ് മൈതാനങ്ങൾ എന്നിവ പാർക്കിംഗിന് ഉപയോഗിക്കും. ട്രാഫിക് നിയന്ത്രണത്തിന് താത്കാലികമായി എടുക്കുന്നവരെ ഒറ്റയ്ക്ക് ഡ്യൂട്ടിയിൽ നിയോഗിക്കില്ല. സിവിൽ പോലീസ് ഓഫീസർമാർ ഇവർക്കൊപ്പമുണ്ടാകുമെന്ന് എസ്പി പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽ കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരായ ആർ. മധു, ടിപ്സൺ തോമസ്, വിവിധ സംഘടനാ ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.