വാഗമൺ റോഡിൽ വേലത്തുശേരിക്കു സമീപം ഭീമൻ കല്ല് റോഡിലേക്ക് വീണു; വൻ അപകടമൊഴിവായി
1466011
Sunday, November 3, 2024 4:39 AM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വേലത്തുശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം റോഡിന്റെ മുകൾവശത്തുനിന്നു വലിയ ഉരുളൻ കല്ല് റോഡിലേക്ക് വീണു. ഇന്നലെ രാവിലെ പത്തിനാണു കല്ല് ഉരുണ്ട് റോഡിന്റെ നടുക്ക് പതിച്ചത്.
ഈ സമയം വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാത്തതിനാൽ അപകടമൊന്നുമുണ്ടായില്ല. അവധി ദിവസങ്ങളിൽ ഇടതടവില്ലാതെ വിനോദസഞ്ചാരികളുടെ വാഹനം വാഗമണ്ണിലേക്ക് പോകുന്നതാണ്.
റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് പറഞ്ഞു.