കളരിയാമ്മാക്കല് പാലം: അപ്രോച്ച് റോഡിനായി നാട്ടുകാര്‍ സമരത്തിലേക്ക്; ധർണ നാളെ
1466010
Sunday, November 3, 2024 4:39 AM IST
പാലാ: കോടികള്‍ മുടക്കി പണിത കളരിയാമ്മാക്കല് പാലത്തില്‍ കയറണമെങ്കില്‍ ഗോവണി വേണ്ട ഗതികേടിലാണ് നാട്ടുകാര്‍. പാലം നിര്‍മാണം പൂര്‍ത്തിയായിട്ട് 14 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പാലം വന്നതുമൂലം മുമ്പുണ്ടായിരുന്ന വള്ളംകടത്തും നിറുത്തിവച്ചു.
പാലാ നഗരസഭയെയും മീനച്ചില്‍ പഞ്ചായത്തിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതിഷേധിച്ച് നാളെ രാവിലെ പത്തിന് പാലാ സിവില്‍ സ്റ്റേഷനു മുന്പിൽ പാറപ്പള്ളി തരംഗിണി സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും.
അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്ത് പാലത്തിലൂടെ ഗതാഗതം സാധ്യമാക്കണമെന്ന് സാംസ്കാരികസംഘം പ്രസിഡന്റ് ജോസഫ് വെട്ടിക്കല്‍, സെക്രട്ടറി ജോയി കളരിക്കല്‍, ട്രഷറര്‍ സജീവ് നിരപ്പേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.