മെഡിക്കൽ കോളജിൽ ആധുനിക പൊതുശ്മശാനത്തിന് അനുമതി
1461505
Wednesday, October 16, 2024 6:10 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശ്മശാനം നിർമിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രെമറ്റോറിയം നിർമിക്കുന്നതിന് ഒന്നരക്കോടി 2023-24 വർഷത്തെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽനിന്നും ചെലവഴിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയാണ് ലഭ്യമായത്.
കോളജ് സ്ഥിതി ചെയ്യുന്ന ആർപ്പുക്കര പഞ്ചായത്തിന് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്തതിനാല്‍ അനാഥ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു കോട്ടയം നഗരത്തിലെ ശ്മശാനത്തെ ആയിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്. അതിനാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുന്നത്. മെഡിക്കൽ കോളജ് കാമ്പസിനുള്ളിൽ ശ്മശാനം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.