മെഡിക്കല്‍ കോളജിൽ സിടി സ്കാന്‍ അടുത്തമാസം പ്രവര്‍ത്തനസജ്ജമാക്കും
1461055
Monday, October 14, 2024 11:50 PM IST
കോട്ടയം: മെഡിക്കല്‍ കോളജിലെ സിടി സ്കാന്‍ മെഷീന്റെ തകരാര്‍ അടുത്തമാസം ആദ്യത്തോടെ പരിഹരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
ഓങ്കോളജി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി രണ്ട് സിടി സ്കാന്‍ മെഷീനുകളാണു പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30നു മെഷീന് കേടായി. കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ പരിശോധിക്കുകയും ഗുരുതരമായ തകരാര്‍ കണ്ടെത്തുകയും ചെയ്തു.
മെഷീന്റെ പ്രത്യേക ഭാഗം മുഴുവനായി മാറ്റി വയ്ക്കേണ്ടതാണെന്നും പുതിയ സിടി സ്കാന്‍ സ്ഥാപിക്കുന്നതിനു തുല്യമായ നടപടി കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും മൂന്നു മാസം ഇതിനായി സമയമെടുക്കുമെന്നും എന്‍ജിനിയര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
മെഷീന് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കമ്പനി അറിയിച്ചതനുസരിച്ച് മെഷീന് മാറ്റി സ്ഥാപിക്കേണ്ട ഭാഗം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഉപകരണം മാറ്റി സ്ഥാപിച്ച് അടുത്തമാസം ആദ്യവാരത്തോടെ പ്രവര്‍ത്തന സജ്ഞമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇതിനൊപ്പം 4.28 കോടി രൂപ മുടക്കി പുതിയ ഒരു സിടി സ്കാന്‍ ഓങ്കോളജി വിഭാഗത്തോടു ചേര്‍ന്ന കെട്ടിടത്തില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതും അടുത്ത മാസത്തോടെ പ്രവര്‍ത്തന ക്ഷമമാകും.
ഇതിനു പുറമേ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 17.5 കോടി രൂപ മുതല്‍ മുടക്കി ഏറ്റവും ആധുനികമായ ഒരു സ്ലയിസ് സിടി സ്കാന്‍ പുതിയതായി പണികഴിപ്പിച്ച സര്‍ജിക്കല്‍ ബ്ലോക്കില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഏതാനും മാസത്തിനുള്ളില്‍ ഇതു പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി അറിയിച്ചു.
രോഗികള്‍ക്ക് ആവശ്യമായ സിടി സ്കാന്‍ ആവശ്യകത കണക്കിലെടുത്ത് ഓങ്കോളജി വിഭാഗത്തിലെ സിടി സ്കാനും ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കോഓപ്പറേറ്റീവ് ബാങ്കിന്റെ സിടി മെഷീനും ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മുന്നോട്ടു പോകുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.