വിജയദശമി നായര്‍ മഹാസമ്മേളനം പ്രൗഢം : എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് സംഘടനയെക്കുറിച്ച് അറിവില്ല: സുകുമാരന്‍നായര്‍
1460975
Monday, October 14, 2024 6:50 AM IST
ചങ്ങനാശേരി: സമുദായത്തില്പ്പെട്ടര്തന്നെ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് അപകീര്‍ത്തികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ സൊസൈറ്റി നിസാരമായേ കാണുന്നുള്ളൂവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവല്ലാത്തവരാണ് ഇവരെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ചങ്ങനാശേരി താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ പെരുന്നയില്‍ നടന്ന വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരക്കാര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ പല അധികാരസ്ഥാനങ്ങളും നേടിയെടുത്തശേഷം സാമ്പത്തിക ക്രമക്കേടും അധികാരമോഹങ്ങളും മൂലം സംഘടനയില്‍നിന്ന് പുറത്തു പോകേണ്ടിവന്നരാണ്.
എല്ലാ മത-സാമുദായിക സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും സൗഹാര്‍ദ നിലപാടാണ് എന്‍എസ്എസിനുള്ളത്. മന്നത്ത് പത്മനാഭന്റെ ആദര്‍ശങ്ങളും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ട് അടിസ്ഥാനമൂല്യങ്ങള്‍ കൈവിടാതെയാണ് സംഘടന ഇന്നും പ്രവര്‍ത്തിക്കുന്നതെന്നും സുകുമാരന്‍നായർ പറഞ്ഞു.
എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍, സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍, യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, വൈസ് പ്രസിഡന്റ് എസ്. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.