വിദ്യാരംഭത്തിൽ അറിവിന്റെ ആദ്യാക്ഷരമധുരം നുകർന്നു കുരുന്നുകൾ
1460973
Monday, October 14, 2024 6:30 AM IST
വൈക്കം: ക്ഷേത്രാങ്കണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാരംഭത്തോടനുബന്ധിച്ചു കുരുന്നുകൾ ആദ്യാക്ഷരമധുരം നുകർന്നു. പുജയ്ക്ക് വച്ചിരുന്ന പുസ്തകങ്ങളും പണിയായുധങ്ങളും വാദ്യോപകരണങ്ങളും ആരാധനാലയങ്ങളിലെത്തി വിദ്യാർഥികളടക്കം ഇന്നലെ രാവിലെ ഏറ്റുവാങ്ങി.
തുടർന്ന് ക്ഷേത്രാങ്കണങ്ങളിൽ മണലിൽ വിദ്യാർഥികളും മുതിർന്നവരും അക്ഷരങ്ങളെഴുതി. തുടർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രത്തിലെ പൂജാരികളും അധ്യാപകരും വിദ്യാരംഭത്തിൽ കാർമ്മികരായി. വൈക്കം വിവേകാനന്ദ വിദ്യാമന്ദിറിൽ വൈക്കം മഹാദേവ ക്ഷേത്രമേൽശാന്തി തരണി ഡി.നാരായണൻ നമ്പൂരിതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.
ഭാരതീയ ദർശനങ്ങളും ആചാര അനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകാൻ വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാഗോപാല മന്ത്രാർച്ചനയും സരസ്വതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. സ്കൂൾ സെക്രട്ടറി പി.എസ്. ഹരിദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ പ്രിൻസിപ്പൽ മഞ്ജു പ്രസാദ് ഉദ്ഘാടനംചെയ്തു.
ക്ഷേമ സമിതി പ്രസിഡന്റ് കുഞ്ഞുമോൻ, ജില്ലാ സംഘചാലക് സോമനാഥൻ, മനോജ് യെസ്ടെക് തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും ഭക്തിനിർഭരമായി. വിജയദശമി ദിനമായ ഇന്നലെ രാവിലെ ഗണപതി ഹോമം, സരസ്വതി പൂജ, അഭയവരദായനി പൂജ, നവദുർഗാ മന്ത്രാർച്ചന, പൂജയെടുപ്പ് എന്നിവ നടന്നു. പൂജിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വാദ്യോപകരണങ്ങളും മഠാധിപതി ശ്രീരാമചന്ദ്രസ്വാമികളിൽ നിന്ന് ഭക്തർ ഏറ്റുവാങ്ങി.
പൂജയെടുപ്പിന് പുസ്തകങ്ങളും മറ്റും സമർപ്പിച്ചിരുന്നവരെ പങ്കെടുപ്പിച്ച് നടത്തിയ നറുക്കെടുപ്പിൽ വിജയിച്ച ഭക്തനു സമ്മാനം നൽകി. തുടർന്ന് നടന്ന വിദ്യാരംഭത്തിൽ നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷര മധുരം നുകർന്നു. വിദ്യാരംഭത്തിൽ ആഞ്ജനേയമഠം മഠാധിപതി ശ്രീരാമചന്ദ്രസ്വാമിയുടെ കാർമ്മികത്വത്തിലാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത്.
തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിലും വൈകുന്നേരം നടന്ന വിശേഷാൽ ദീപാരാധനയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. നവരാത്രി ആഘോഷ പരിപാടികൾക്ക് മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രം ദേവസ്വം പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള, മേൽശാന്തി പ്രവീഷ്ശാന്തി, സെക്രട്ടറി എൻ.ഡി.രാജു, കെ. മഹിപാൽ തുടങ്ങയവർ നേതൃത്വം നൽകി.