സത്യസന്ധതയുടെ പേരാണ് രോഹുൽ...
1460970
Monday, October 14, 2024 6:30 AM IST
പുതുപ്പള്ളി: സ്വാര്‍ഥമായ ഇന്നിന്റെ ലോകത്ത് സത്യസന്ധത കൈമുതലായ കുറച്ചു മനുഷ്യരുണ്ട്. അവരിലൊരാളാണ് അസം സ്വദേശിയായ രോഹുല്‍ അലി. കടയ്ക്കു മുമ്പില്‍ നിലത്തുകിടന്നു ലഭിച്ച 500 രൂപ ദിവസങ്ങള്‍ സൂക്ഷിച്ചു ഉടമയ്ക്ക് കൈമാറി മാതൃകയാവുകയാണ് 21കാരനായ ഈ അതിഥിത്തൊഴിലാളി.
പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് എതിർവശത്തായി പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്ററിലെ ജീവനക്കാരനാണ് രോഹുല്‍. ഏതാനും ദിവസം മുന്‍പ് കടയുടെ മുന്‍വശത്തു നിന്നാണ് രോഹുലിനു പണം ലഭിച്ചത്. ഉടന്‍ തന്നെ അതെടുത്തു കടയിലെ അലമാരയ്ക്കു മുകളില്‍ സൂക്ഷിച്ചു.
സമീപ കടകളിലൊക്കെ രോഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. പണം നഷ്ടപ്പെട്ടതന്വേഷിച്ച് ആരെങ്കിലുമെത്തിയാല്‍ കടയിലേക്ക് പറഞ്ഞയയ്ക്കാനും പറഞ്ഞു. മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് പണത്തിന്റെ ഉടമയെത്തുന്നത്. കടയിലെത്തി കാര്യം പറഞ്ഞപ്പോള്‍ അലമാരയില്‍നിന്നു പണം മടക്കി നല്കി.
പണം നഷ്ടപ്പെട്ടയാള്‍ 100 രൂപ ഭായിക്കു തരട്ടെ എന്ന ചോദിച്ചപ്പോൾ, വേണ്ട ചേട്ടാ... ചേട്ടന് കഷ്ടപ്പെട്ട കാഷ് എനിക്ക് എന്തിനാണ്.... എന്നായി രോഹിലിന്റെ മറുപടി. ഭായ് ആയതുകൊണ്ടാണ് എനിക്കിതു മടക്കി നല്‍കിയതെന്നാണ് പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞത്.
ഉടമ എത്തിയതോടെ ചെറുതെങ്കിലും പണം കൈമാറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രോഹുല്‍ അലി. നാലു വര്‍ഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയാണ് ഇയാള്‍.