അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപന വാര്‍ഷികാഘോഷവും സെമിനാറും നടത്തി
1460968
Monday, October 14, 2024 6:30 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിച്ചു. 2008 ഒക്ടോബര്‍ 12ന് ബനഡിക്ട് പതിനാറാമാന് മാര്‍പാപ്പയാണ് അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടികള്‍ പൂര്‍ത്തീകരിച്ചു വിശുദ്ധയായി പ്രഖ്യാപിച്ചത്.
ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കാനെത്തിയത്. വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്‍. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു. തുടര്‍ന്ന് മെഴുകുതിരി സംവഹിച്ച് ആയിരങ്ങള്‍ പങ്കെടുത്ത ആഘോഷമായ ജപമാല പ്രദക്ഷിണവും നടന്നു.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ അല്‍ഫോന്‍സാമ്മയുടെ ജീവിതവും ആധ്യാത്മികതയും സംബന്ധിച്ച് ആഴത്തില്‍ പഠിക്കുന്നതിനായി സെന്റ് അല്‍ഫോന്‍സ സ്പിരിച്വാലിറ്റി സെന്ററില്‍ ദേശീയ സെമിനാര്‍ നടത്തി.
എംഎസ്ടി ഡയറക്ടര്‍ ജനറൽ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എഫ്സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യൽ സിസ്റ്റര്‍ ജെസി മരിയ, എംഎസ്ടി വൈസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. പി.ജെ. ഹെര്‍മന്‍, റവ. ഡോ. ജോര്‍ജ് കാരാംവേലി, ഡോ. സിസ്റ്റര്‍ കൊച്ചുറാണി ജോസഫ് എസ്എബിഎസ് എന്നി വർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഫാ. ബിജു താന്നിനിൽക്കുംതടത്തില്, ഡോ. ജെസ്റ്റി ഇമ്മാനുവല്‍, ഡോ. ശോഭിത സെബാസ്റ്റ്യന്‍ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഡോ. നീരദ മരിയ കുര്യന്, ഫാ. ബാബു കക്കാനിയില്‍ എസ്വിഡി, ഡോ. ബ്രിജിത്ത് പോള്‍, ഡോ. കെ.എം. മാത്യു എന്നിവർ വിവിധ സെഷനുകള്‍ക്ക് മോഡറേറ്റര്‍മാരായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ഫാ. സന്തോഷ് ഓലപ്പുരയ്ക്കല്‍ എംഎസ്ടി അധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ പങ്കെടുത്തവർക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍ സെമിനാറിനു നേതൃത്വം നൽകി.