സമുദായബോധമുണർത്തിയ സമുദായ സംഗമം: സമുദായബോധം വർഗീയതയല്ല: മാർ തോമസ് തറയിൽ
1460966
Monday, October 14, 2024 6:30 AM IST
അതിരമ്പുഴ: സമുദായബോധം വർഗീയതയല്ലെന്നും സമൂഹത്തിന്റെ നിലനില്പിന് സമുദായബോധം ആവശ്യമാണെന്നും ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ നടത്തിയ സമുദായ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമുദായത്തെക്കുറിച്ച് അഭിമാനബോധം ഉണ്ടാകണം. മുമ്പ് അതുണ്ടായിരുന്നു. അന്ന് സുറിയാനി ക്രൈസ്തവ സമൂഹം എല്ലാ മേഖലകളിലും മുന്നിലായിരുന്നു. അതിജീവനത്തിന്റെ തലത്തിൽ ഇന്നു നാം വെല്ലുവിളികൾ നേരിടുന്നു. സമുദായ ബോധത്തിലൂടെ അതിനെ അതിജീവിക്കാനാകും. സമുദായ ബോധം എന്നത് അഭിമാനബോധമാണ്.
കെട്ടിടം പണിയുടെയൊക്കെ കാലം കഴിഞ്ഞു. സമുദായ നിർമിതിക്കു വേണ്ടിയാണ് ഇനി ശ്രദ്ധിക്കേണ്ടത്. അതിനായി മനുഷ്യ വിഭവശേഷിയെ വളർത്തുന്ന നവീന പദ്ധതികൾ ഉണ്ടാകണം. അതിന് കത്തോലിക്ക കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് മാർ തോമസ് തറയിൽ ആഹ്വാനം ചെയ്തു.
സുറിയാനി സമുദായ ബോധമുണർത്തിയ സമുദായ സംഗമം ചരിത്ര സംഭവമായി. സമുദായ സംഗമത്തിൽ ഫൊറോനയിലെ 14 ഇടവകകളിൽ നിന്നുള്ള സമുദായ പ്രതിനിധികൾ സംബന്ധിച്ചു. കത്തോലിക്ക കോൺഗ്രസ് ഫൊറോനാ പ്രസിഡന്റ് ജോയി പാറപ്പുറം അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണവും അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അനുഗ്രഹപ്രഭാഷണവും നടത്തി.
ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, അതിരൂപത സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോബി ചൂരക്കുളം, ഫൊറോനാ സെക്രട്ടറി ബിജോ തുളിശേരി, മുൻ അതിരൂപത പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, അതിരമ്പുഴ ഫൊറോനാ പള്ളി കൈക്കാരൻ മാത്യു ജോസഫ് പൊന്നാറ്റിൽ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോനാതല പ്രവർത്തന വർഷ ഉദ്ഘാടനവും മാർ തോമസ് തറയിൽ നിർവഹിച്ചു.
സമ്മേളനത്തിനു മുമ്പ് മാർ തോമസ് തറയിലിനു വൻവരവേല്പ് നൽകി. ബാൻഡ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അദ്ദേഹത്തെ സമ്മേളന ഹാളിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ യൂണിറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് ആലഞ്ചേരി പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്.