ഹൈമാസ്റ്റുകളടക്കം തെരുവുവിളക്കുകൾ കാഴ്ചവസ്തു
1460706
Saturday, October 12, 2024 3:39 AM IST
കുറവിലങ്ങാട്: ഹൈമാസ്റ്റുകളടക്കം മിഴിയടച്ചതോടെ തെരുവുവിളക്കുകൾ വെറും കാഴ്ചവസ്തുക്കളായി. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സൗരോർജ വിളക്കുകൾ പോലും നോക്കുകുത്തികളായിട്ടും നടപടികളില്ല. ഒന്നാം നമ്പർ സംസ്ഥാന ഹൈവേയായ എംസി റോഡിൽ ഈ ദുരവസ്ഥയാണ് നിലവിലുള്ളത്.
കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് എംസി റോഡിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്. ഈ വിളക്കുകൾ ആഴ്ചകൾ മാത്രമാണ് തെളിഞ്ഞുനിന്നത്. പലയിടങ്ങളിലും പച്ചിലപ്പടർപ്പുകൾ നിറഞ്ഞ സ്ഥിതിയിലാണ്. കരാറുകാരുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കുള്ള സാധ്യതകളും തെളിയുന്നില്ല.
എംസി റോഡിൽ അടക്കമുള്ള ഹൈമാസ്റ്റ്, മിനിമാസ്റ്റ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. ആയിരക്കണക്കിന് തീർഥാടകർ കടന്നുപോകുന്ന പള്ളിക്കവലയിൽ ഹൈമാസ്റ്റ് പ്രവർത്തിക്കാതെയായിട്ടും നടപടിയില്ല. എംസി റോഡിനൊപ്പം ഗ്രാമീണ മേഖലയിലും പല പഞ്ചായത്തുകളിലും വഴിവിളക്കുകൾ കാഴ്ചവസ്തുവാണ്.
വാർഷിക പദ്ധതിയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.