കമ്മീഷന് ലഭിക്കുന്നില്ല : വരുമാനമാര്‍ഗം നിലച്ച് റേഷന്‍ കടക്കാര്; മസ്റ്ററിംഗും തലവേദനയാകുന്നു
1460695
Saturday, October 12, 2024 3:31 AM IST
കോട്ടയം: ഓണക്കാലം കഴിഞ്ഞിട്ടും കമ്മീഷന് കുടിശികയ്ക്കു കുറവില്ല; വരുമാനമാര്‍ഗമില്ലാതെ റേഷന്‍ വ്യാപാര മേഖല പ്രതിസന്ധിയില്‍ നട്ടംതിരിയുന്നു. ഓണക്കാലത്തെ റേഷന്‍ വിഹിതം നല്കുന്നതിനു പിന്നാലെയാണ് സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡില്‍ പേരുള്ളവരുടെ മസ്റ്ററിംഗ് ഏര്‍പ്പെടുത്തിയത്. മസ്റ്ററിംഗും റേഷന്‍ വിതരണവും ഒരുമിച്ചെത്തിയതോടെ ചില്ലറ ദുരിതമല്ല വ്യാപാരികള്‍ക്കുണ്ടായത്.
മിക്കദിവസങ്ങളിലും ഇ പോസ് മെഷീന്റെ തകരാറും സെര്‍വര്‍ തകരാറും മൂലം മസ്റ്ററിംഗും റേഷന്‍ വിതരണവും കാര്യക്ഷമമായി നടന്നതുമില്ല. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കമ്മീഷനാണ് റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ളത്. സംസ്ഥാനത്ത് 12,000 രൂപ മുതല്‍ 40,000 രൂപ വരെ കുടിശിക ലഭിക്കാനുള്ള വ്യാപാരികളുണ്ട്.
സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളായാണ് മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. ആദ്യം തിരുവനന്തപുരം ജില്ലയിലും പിന്നീട് മധ്യകേരളത്തിലും അവസാനം മലബാര്‍ മേഖലയിലുമായിരുന്നു മസ്റ്ററിംഗ് നടപ്പിലാക്കിയത്. എല്ലാവര്ക്കും മസ്റ്ററിംഗ് കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ മസ്റ്ററിംഗ് നടത്തേണ്ട അവസാന തീയതി 25 വരെ സര്‍ക്കാര്‍ നീട്ടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ കാര്‍ഡില്‍ പേരുള്ള 75 ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമേ മസ്റ്ററിംഗ് നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ.
പേരിലെ പൊരുത്തക്കേട് മൂലവും ആധാര്‍ കാര്‍ഡ് പുതുക്കാത്തതുമായി ബന്ധപ്പെട്ടും നിരവധിയാളുകള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കു മസ്റ്ററിംഗ് നടത്തേണ്ട തീയതി സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. റേഷന്‍കടകളിലെ ഇ പോസ് യന്ത്രത്തില്‍ വിരലടയാളം നല്കിയവരില് ചിലരുടെ മസ്റ്ററിംഗ് താലൂക്കുതല പരിശോധനയില്‍ അസാധുവാക്കപ്പെട്ടിട്ടുണ്ട്. മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയായശേഷമാകും അസാധുവായവരുടെ കണക്കുകള്‍ പുറത്തുവരിക. ഇവരുടെ കാര്യത്തിലും തീരുമാനം പിന്നീടായിരിക്കും.
വിരലടയാളം പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെ കണ്ണടയാളം സ്വീകരിച്ചു മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടിവരും. എന്നാല്‍, റേഷന്‍കടകളില്‍ ഐറിസ് സ്കാനറില്ല. അതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചേക്കാനാണു സാധ്യത.
ഓണക്കാലത്തിനു മുമ്പ് വ്യാപാരികള്‍ക്കു നാലു മാസത്തെ കമ്മീഷന് കുടിശികയുണ്ടായിരുന്നു. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും സര്‍ക്കാര്‍ കുടിശിക നല്കുന്ന കാര്യത്തില്‍ നിസംഗത തുടര്‍ന്നതോടെ വ്യാപാരികള്‍ രണ്ടു ദിവസം കടകള്‍ അടച്ചു സമരം ചെയ്തു. ഇതോടെയാണ് മൂന്നു മാസത്തെ കുടിശിക സര്‍ക്കാര്‍ നല്‍കിയത്.
കടയുടമകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 140ല്‍പ്പരം റേഷന്‍ കടകളാണ് പൂട്ടിപ്പോയത്. ഇപ്പോള്‍ സംസ്ഥാനത്ത് 95 ലക്ഷത്തില്‍പ്പരം കാര്‍ഡ് ഉടമകള്‍ക്കായി പതിനാലായിരത്തില്‍പ്പരം റേഷന്‍ കടകള്‍ മാത്രമേയുള്ളൂ.