കൊച്ചിൻ സിമന്റ്സ് ബോണസ് സമരം 18 ദിവസം പിന്നിട്ടു
1460576
Friday, October 11, 2024 6:55 AM IST
വെള്ളൂർ: കൊച്ചിൻ സിമന്റ്സിലെ ജീവനക്കാരുടെ ബോണസ് പ്രശ്നം തീരുമാനമാകാത്തതിനെത്തുടർന്നു ജീവനക്കാരുടെ പ്രതിഷേധ സമരം 18 ദിവസം പിന്നിട്ടു.
കഴിഞ്ഞ 30 വർഷമായി വെള്ളൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സിമന്റ് നിർമാണ കമ്പനിയാണ് കൊച്ചിൻ സിമന്റ് ലിമിറ്റഡ്. മികച്ച ഉത്പാദനം നടത്തുന്ന സ്ഥാപനത്തിലെ 250 ജീവനക്കാരിൽ 70 ശതമാനവും പിരിഞ്ഞുപോയിട്ടും ജീവനക്കാരുടെ സഹകരണംമൂലം വളരെ നല്ല രീതിയിൽ സിമന്റ് ഉത്പാദനവും വിതരണവും നടക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു.
ബോണസ് വിഷയവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് അധികൃതർക്കും മാനേജ്മെന്റിനും യൂണിയനുകൾ കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്ന് കോട്ടയം ഡിഎൽഒ പല പ്രാവശ്യം ചർച്ചക്ക് വിളിച്ചിട്ടും മാനേജ്മെന്റ് ഭാഗത്തുനിന്ന് ഉത്തരവാദിത്വപ്പെട്ടവർ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി.
ലേബർ കമ്മീഷണറും ജോയിന്റ് ലേബർ കമ്മീഷണറും വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിലും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആരും പങ്കെടുത്തില്ല. കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള സ്ഥാപനത്തിൽ വളരെ തുച്ഛമായ ശമ്പളവും ആനുകൂല്യങ്ങളും മാത്രമാണ് തൊഴിലാളികൾക്ക് നൽകുന്നത്.
മാനേജ്മെന്റ് തൊഴിലാളികളുടെ ബോണസ് നൽകി പ്രശ്നം പരിഹരിക്കാൻ തയാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്ന് സിഐടിയു തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അറിയിച്ചു.