ജില്ലയില്‍ 11 ഹാപ്പിനെസ് സെന്ററുകള്‍
1460460
Friday, October 11, 2024 5:19 AM IST
കോട്ടയം: കുടുംബങ്ങള്‍ക്കും സമൂഹത്തിനും സന്തോഷം പകരാന്‍ ജില്ലയില്‍ 11 ഹാപ്പിനെസ് സെന്ററുകള്‍ വരുന്നു. ഹാപ്പി കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയാണ് ജില്ലയിലെ 11 മാതൃക സിഡിഎസുകളില്‍ ഹാപ്പിനെസ് സെന്ററുകള്‍ ആരംഭിക്കുന്നത്.
കുടുംബങ്ങളെ സന്തോഷത്തിന്റെ ഇടമാക്കുകയും സമൂഹത്തിന്റെ സന്തോഷസൂചിക വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് സെന്ററുകളുടെ ലക്ഷ്യം. വാര്‍ഡ്തലത്തില്‍ അയല്‍ക്കൂട്ടങ്ങളിലൂടെ ഓരോ കുടുംബത്തിലും സന്തോഷ അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ കുമരകത്തെ 20 കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
ഞീഴൂര്‍, മാഞ്ഞൂര്‍, കുറിച്ചി, വാകത്താനം, കുമരകം, വെച്ചൂര്‍, മീനടം, വാഴൂര്‍, കൂട്ടിക്കല്‍, തിടനാട്, ഭരണങ്ങാനം എന്നിവിടങ്ങളിലാണ് സന്തോഷകേന്ദ്രങ്ങള് സ്ഥാപിക്കുന്നത്. കുടുംബശ്രീ പ്രതിനിധികളെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഹാപ്പിനസ് ഫോറമാണ് ആദ്യം രൂപീകരിക്കുന്നത്. ഓരോ വാര്‍ഡിലും 10 മുതല്‍ 40 വരെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ സന്തോഷ ഇടം (ഹാപ്പിനെസ് സെന്റര്‍) ആരംഭിക്കും.
ഈ കേന്ദ്രങ്ങളില്‍ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് പരിശീലനം നേടിയ റിസോഴ്സ് പേഴ്സൺമാര്‍ പരിശീലനം നല്‍കും. കുടുംബങ്ങളിലെ ജനാധിപത്യം, സാമ്പത്തിക അച്ചടക്കം, ആരോഗ്യം, പോഷകാഹാരം, കലാസാംസ്കാരികം എന്നീ മേഖലകളില്‍ സന്തോഷം കണ്ടെത്താനുള്ള വഴികള്‍ സംബന്ധിച്ചാണ് പരിശീലനം നല്‍കുക. പിന്നീട് വാര്‍ഡുതലത്തില്‍വരെ സന്തോഷ ഇടങ്ങള്‍ തുടങ്ങാനാണ് ശ്രമം.
ഹാപ്പിനെസ് സെന്ററുകള്‍ സംസ്ഥാന വ്യാപകമായി നടത്തുന്നതിന്റെ സംസ്ഥാനത്തെ ആദ്യ പരിശീലനവും കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തി. പരിശീലനത്തില്‍ വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 70 റിസോഴ്സ് പേഴ്സൺമാര്‍ പങ്കെടുത്തു. തിരുവനന്തപുരം വെങ്ങാലൂര്‍ പഞ്ചായത്ത് മുട്ടക്കാട് വാര്‍ഡില്‍ 20 കുടുംബങ്ങളില്‍ ഹാപ്പി കേരളം പൈലറ്റ് പദ്ധതി വിജയകരമായതോടെയാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്.