ഫണ്ടിന്റെ കുറവ്; റോഡ് അറ്റകുറ്റപ്പണികള്‍ നിശ്ചലാവസ്ഥയില്‍
1460455
Friday, October 11, 2024 5:19 AM IST
ചങ്ങനാശേരി: റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനും മറ്റ് അടിയന്തര അറ്റ കുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ടി ഏര്‍പ്പെടുത്തിയ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികള്‍ പോലും സര്‍ക്കാരിന് ഫണ്ടില്ലാത്തതുമൂലം നിശ്ചലാവസ്ഥയില്‍.
ഇപ്പോള്‍ നടക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് പണികളില്‍ മിക്കതിന്റെയും കരാര്‍ തുകയ്ക്കുള്ള പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്ന് പണികള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ഭരണാനുമതിക്കു പുറത്തുള്ള പണികള്‍ ചെയ്താല്‍ കരാറുകാര്‍ക്ക് പണം കിട്ടില്ല.നവംബര്‍ പകുതിക്ക് മുന്‍പ് പൂര്‍ത്തിയാക്കേണ്ട ശബരിമല റോഡുകളുടെ അറ്റകുറ്റപണികള്‍ക്കുള്ള ഭരണാനുമതി ഇതുവരെ നല്‍കിയിട്ടില്ല. ഇതും കരാറുകാര്‍ നേരിടുന്ന പ്രതിസന്ധിയാണ്.
റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അടിയന്തരമായി 500 കോടി രൂപയെങ്കിലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെങ്കില്‍ കുഴികളുടെ എണ്ണവും വലുപ്പവും വര്‍ധിക്കും. ദേശീയ പാത 66ലെ നിര്‍മാണ പ്രവൃത്തികളില്‍ വാഹന യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ദേശീയപാത അഥോറിറ്റി ഉടന്‍ ഇടപെടണമെന്നും കരാര്‍ വ്യവസ്ഥകള്‍ പ്രകാരം കമ്പനികള്‍ അനുവര്‍ത്തിക്കേണ്ട ഗതാഗത മാനേജ്മെന്റ് നടപ്പാക്കണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.